Kollam Local

കെഎംഎംഎല്ലിനെ രാജ്യത്തെ മുന്‍നിര വ്യവസായശാലയായി വികസിപ്പിക്കണം: നിയമസഭാ സമിതി



ചവറ: കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിനെ (കെഎംഎംഎലിനെ) രാജ്യത്തെ വിഖ്യാത വ്യവസായ സ്ഥാപനങ്ങളിലൊന്നായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച നിയമസഭാ സമിതി കമ്പനി അധികൃതരോട് നിര്‍ദേശിച്ചു. കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ടൈറ്റാനിയം കോംപ്ലക്‌സ് പദ്ധതി സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാണെന്നും ഇതിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് സമിതി ശുപാര്‍ശ ചെയ്യുമെന്നും ചെയര്‍മാന്‍ സി ദിവകരന്‍ എം എല്‍ എ പറഞ്ഞു. കെഎംഎംഎല്‍ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍  സമിതി അംഗങ്ങളായ ടി എ അഹമ്മദ് കബീര്‍, സി കൃഷ്ണന്‍, എസ് രാജേന്ദ്രന്‍, പി ടി എ റഹീം, സണ്ണി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ പി ആര്‍ ഗോപാലകൃഷ്ണന്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ റോയ് കുര്യന്‍, ജനറല്‍ മാനേജര്‍ അജയ് കൃഷ്ണന്‍, യൂനിറ്റ് മേധാവി കെ രാഘവന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് കരിമണല്‍. ആഗോള സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ കമ്പനിക്ക് വളരാനുള്ള വിപുലമായ സാധ്യതുണ്ട്. അത് ഫലപ്രദമായി ചൂഷണം ചെയ്യാനാകുന്നില്ല. രാജ്യത്ത്  ടൈറ്റാനിയം വലിയ അളവില്‍  ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്.  രാജ്യത്തിന് ആവശ്യമായ അളവില്‍ ടൈറ്റാനിയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമോയെന്ന ചോദ്യമാണ് സമിതി കമ്പനി പ്രതിനിധികളോട് ഉന്നയിച്ചത്. അതിന് വേണ്ട യന്ത്ര സംവിധാനങ്ങളും മാനുഷ്യ വിഭവശേഷിയും സജ്ജമാക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കമ്പനി മാനേജ്‌മെന്റും സര്‍ക്കാരും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കെ എം എം എലിന്റെ വളര്‍ച്ച സര്‍ക്കാരിനും പ്രാദേശിക ജനവിഭാഗങ്ങള്‍ക്കും ഗുണകരമാകുകയും വേണമെന്നും സി ദിവാകരന്‍ പറഞ്ഞു. കമ്പനി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പരാതികള്‍ അഞ്ചു വര്‍ഷമായി തുടരുകയാണ്. സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. അവരുടെ പുനരധിവാസത്തിന് നടപടി സ്വീകരിച്ചിട്ടുമില്ല. ഈ പ്രശ്‌നം സമയബന്ധിതമയി പരിഹരിക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. താല്‍ക്കാലിക ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇവരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാനുള്ള മാര്‍ഗം കമ്പനി ആലോചിക്കണം. നിലവിലുള്ള കേസ് നടപടികള്‍ തീരുന്ന മുറയ്ക്ക് അവരുടെ ആവശ്യങ്ങളില്‍ പരിഹാരം കാണണം. കെഎംഎംഎലിനൊപ്പം ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് തുടങ്ങിയ കമ്പനികള്‍ ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യത ആരായണം. കേന്ദ്ര സര്‍ക്കാര്‍ നിയമമനുസരിച്ച് ലാഭത്തിന്റെ നിശ്ചിത വിഹിതം പ്രാദേശിക സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി ചെലവഴിക്കേണ്ടതുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക മേഖലയില്‍ ഒതുക്കിനിര്‍ത്താതെ ജില്ലയില്‍ പൊതുവായി നടപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും സമിതി ചെയര്‍മാന്‍ പറഞ്ഞു.യോഗത്തിനുശേഷം നിയമസഭാ സമിതി അംഗങ്ങള്‍ കമ്പനിയില്‍ സന്ദര്‍ശനം നടത്തി.
Next Story

RELATED STORIES

Share it