കൃഷ്ണയ്യരുടെ നൂറാം പിറന്നാള്‍ ഇന്ന്; ആളൊഴിഞ്ഞ് സദ്ഗമയ

നിഷ ദിലീപ്

കൊച്ചി: സദ്ഗമയ എപ്പോഴും സജീവമായിരുന്നു. തന്നെ കാണാനും കേള്‍ക്കാനും എത്തുന്നവരെ ചിരിയോടെ സ്വീകരിച്ചിരുന്നു ഇവിടുത്തെ ഗൃഹനാഥന്‍. കഴിഞ്ഞ വര്‍ഷം ഇതേദിവസം എംജി റോഡിലുള്ള സദ്ഗമയ എന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ വീട്ടില്‍ സുഹൃത്തുക്കളുടെയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയും മാധ്യമപ്രവര്‍ത്തകരുടെയുമൊക്കെ തിരക്കായിരുന്നു. നൂറിലേക്കു കടക്കുന്ന അദ്ദേഹത്തിന്റെ 99ാം പിറന്നാള്‍ ആഘോഷമായിരുന്നു ഇവിടെ.
പ്രായത്തിന്റെ അവശതകള്‍ മറന്ന് കൊച്ചി നഗരത്തിന്റെ എല്ലാ കാര്യങ്ങളിലും കാരണവരെപോലെ ഇടപെട്ടിരുന്ന സ്വാമിക്ക് ജന്മദിനാശംസകള്‍ നേരാന്‍ രാഷ്ട്രീയ സാമൂഹിക കലാ രംഗത്തെ പ്രമുഖരാണ് അന്ന് സദ്ഗമയിലേക്ക് ഒഴുകിയെത്തിയത്. കുറെ വര്‍ഷങ്ങളായുള്ള പതിവ് അതാണ്. സ്വാമിയുടെ ഓരോ പിറന്നാളിനും ആശംസ നേരാന്‍ ദൂരെദിക്കില്‍ നിന്നുപോലും എത്തുന്നവരെ സ്വീകരിക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പേ സദ്ഗമയ ഒരുങ്ങും. കൊച്ചിയുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന കൃഷ്ണയ്യരുടെ അഭിപ്രായങ്ങള്‍ക്കായി രാഷ്ട്രീയഭേദമില്ലാതെ നേതാക്കള്‍ ഇവിടെ എത്തിയിരുന്നു. പൊതുപരിപാടികളില്‍ അദ്ദേഹത്തെ ക്ഷണിക്കാന്‍ വരുന്നവര്‍, സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എത്തുന്നവര്‍, നീതിതേടി എത്തുന്നവര്‍, കൃഷ്ണയ്യര്‍ എന്ന വിശ്വപൗരനെക്കുറിച്ചു കേട്ടറിഞ്ഞ് ഒരു നോക്കുകാണാന്‍ എത്തുന്നവര്‍ അങ്ങനെ തിരക്കൊഴിഞ്ഞ സമയം സദ്ഗമയയില്‍ ഇല്ലായിരുന്നു. പ്രായത്തിന്റെ അവശതകളില്‍ പുറത്തുപോവാന്‍ പറ്റാതായപ്പോള്‍ സ്വാമിയെ പങ്കെടുപ്പിക്കാന്‍ മാത്രം പല പരിപാടികള്‍ക്കും സദ്ഗമയ വേദിയായി. അഭിഭാഷകനായി, മന്ത്രിയായി, ന്യായാധിപനായി, സാമൂഹിക പ്രവര്‍ത്തകനായി, പരിസ്ഥിതി വാദിയായി, പ്രഭാഷകനായി, എഴുത്തുകാരനായി, എല്ലാറ്റിനുമപ്പുറം അന്യരുടെ വേദനയില്‍ ദുഃഖിക്കുകയും കഷ്ടപ്പാടുകളില്‍ ആകുലപ്പെടുകയും ചെയ്ത മനുഷ്യസ്‌നേഹിയായി ആ ജീവിതം.
പ്രായമോ പദവിയോ ആരോഗ്യ പ്രശ്‌നങ്ങളോ നീതിക്കുവേണ്ടി പേരാടുന്നതിന് കൃഷ്ണയ്യര്‍ക്കു തടസ്സമായിരുന്നില്ല. അതുകൊണ്ടു തന്നെ, സദ്ഗമയയുടെ പടികടന്ന് എത്തുന്നവരെ അദ്ദേഹം നിരാശ്ശരാക്കിയില്ല. കഴിഞ്ഞവര്‍ഷം നവംബര്‍ ആദ്യവാരം തുടങ്ങിയ കൃഷ്ണയ്യരുടെ പിറന്നാള്‍ ആഘോഷം മാസം പകുതിവരെ നീണ്ടു. പിറന്നാള്‍ ആഘോഷങ്ങള്‍ക്കു ശേഷം ഇരുപതാം ദിവസം രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലായ അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തു നില്‍ക്കാതെ അരങ്ങൊഴിഞ്ഞു.
ഇന്ന് കൃഷ്ണയ്യരുടെ നൂറാം പിറന്നാളാണ്. ഗൃഹനാഥനില്ലാത്ത സദ്ഗമയ ഇന്ന് നിശ്ശബ്ദം. സന്ദര്‍ശകര്‍ക്കായി എപ്പോഴും തുറന്നുകിടന്നിരുന്ന സദ്ഗമയയുടെ വാതില്‍ അടഞ്ഞു കിടക്കുന്നു. കൃഷ്ണയ്യരുടെ സഹചാരിയും ഹൈക്കോടതി ജീവനക്കാരനുമായ സുനിലാണ് ഇവിടെ താമസം. 15 വര്‍ഷക്കാലം കൃഷ്ണയ്യരുടെ സ്‌റ്റെനോഗ്രാഫര്‍ ആയിരുന്ന ചന്ദ്രിക ഇടയ്ക്ക് ഇവിടെയെത്തും. സദ്ഗമയയിലേക്ക് ഇപ്പോഴും തപാലില്‍ എത്തുന്ന കത്തുകളും സാധനങ്ങളും കൃഷ്ണയ്യരുടെ മക്കളായ രമേശിനും പരമേശിനും അയച്ചുകൊടുക്കുന്നതു ചന്ദ്രികയാണ്.
Next Story

RELATED STORIES

Share it