കൃഷ്ണപിള്ള സ്മാരകം;സമാന്തര അന്വേഷണം നടത്തിയിട്ടില്ല: ജില്ലാ സെക്രട്ടറി

ആലപ്പുഴ: കണ്ണര്‍കാട് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി തലത്തില്‍ നിയോഗിച്ച കമ്മീഷന്‍ അന്വേഷിച്ച് ആക്രമണത്തിനു പിന്നില്‍ മൂന്നംഗ ക്വട്ടേഷന്‍ സംഘമാണെന്നു റിപോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. പോലിസ് കണ്ടെത്തിയവര്‍ തന്നെയാണു പ്രതികളെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇതേക്കുറിച്ച് പ്രാദേശിക തലത്തില്‍ ചോദിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന വി എസ് അച്യുതാനന്ദന്റെ അഭിപ്രായം തെറ്റിദ്ധാരണ മൂലമാണ്. അന്വേഷണ റിപോര്‍ട്ട് വരട്ടെയെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചതായും സെക്രട്ടറി ചൂണ്ടിക്കാട്ടി.
കേസന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോവുന്നത് തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ്. പ്രതികളെ പിടികൂടണമെന്ന ആവശ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നാക്കം പോയിട്ടില്ല. സ്മാരകം തകര്‍ത്ത് രണ്ടര വര്‍ഷമായിട്ടും പ്രതികളെ കണ്ടെത്താത്തതിനെ വൈകാരിക പ്രശ്‌നമായി കാണേണ്ടതില്ല. ക്രിമിനല്‍ കേസായതിനാല്‍ സംസ്ഥാന സര്‍ക്കാരും പോലിസുമാണ് അന്വേഷിക്കേണ്ടത്. സിബിഐ അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ല. കേസില്‍ കുറ്റക്കാരായവരെ രക്ഷിക്കാനാണ് മാധ്യമങ്ങളെ ഉപയോഗിച്ച് ഈ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
2013 ഒക്‌ടോബര്‍ 31നാണ് ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് സ്മാരകം തകര്‍ത്തതെന്നു കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it