malappuram local

കൃഷ്ണന്‍കുട്ടി ഡോക്ടറുടെ വിയോഗം താങ്ങാനാവാതെ തൃപ്പനച്ചി ഗ്രാമം

തൃപ്പനച്ചി: ഡോ. കൃഷ്ണന്‍കുട്ടിയുടെ മരണത്തോടെ നാടിനു നഷ്ടമായത് മനുഷ്യസ്‌നേഹിയായ ആതുര ശുശ്രൂഷകനെ. രണ്ടര പതിറ്റാണ്ടോളം തങ്ങളിലൊരുവനായി തങ്ങളോടൊപ്പം ജീവിച്ച ഡോക്ടറുടെ ആകസ്മിക വേര്‍പാട് ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് തൃപ്പനച്ചിയിലെ നാട്ടുകാര്‍. കോഴിക്കോട് ചെറൂപ്പ സ്വദേശിയായ ഡോ. കൃഷ്ണന്‍കുട്ടി 25 വര്‍ഷം മുമ്പാണ് തൃപ്പനച്ചിയില്‍ ക്ലിനിക് ആരംഭിക്കുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ പുല്‍പ്പറ്റ, കാവനൂര്‍, കുഴിമണ്ണ, മൊറയൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറുകയായിരുന്നു അദ്ദേഹം. അനാവശ്യ മരുന്നുകളോ ടെസ്റ്റുകളോ എഴുതിയിരുന്നില്ല. മാരക രോഗങ്ങള്‍ പോലും തുടക്കത്തിലേ കണ്ടെത്തി വിദഗ്ദ്ധ ചികില്‍സ നിര്‍ദേശിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയായിരുന്നു. പാവപെട്ട രോഗികള്‍ക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ ഒരു കൈത്താങ്ങാണ്. നാട്ടില്‍ നടക്കുന്ന കലാ-കായിക-സാംസ്‌കാരിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍  ഡോക്ടര്‍ നിറസാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയ ഡോക്ടറുടെ മരണവര്‍ത്തയറിഞ് നിരവധി പേരാണ് മഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കെത്തിയത്. അസുഖ ബാധിതനായിരുന്നപ്പോഴും തന്റെ രോഗത്തെയും വേദനയെയും വകവയ്ക്കാതെ ദിനേന ഡോക്ടര്‍ രോഗികള്‍ക്ക് ആശ്വാസവുമായെത്തിയിരുന്നു. ഡോ. കൃഷ്ണന്‍കുട്ടിയോടുള്ള ആദരസൂചകമായി തൃപ്പനച്ചിയില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. വൈകീട്ട് അഞ്ചിന് നടന്ന അനുശോചന യോഗത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജിലെ അനസ്തറ്റിസ്റ്റ് ഡോ. രമ ഭാര്യയാണ്. മക്കള്‍: രമ്യകൃഷ്ണ, രേഷ്മ.
Next Story

RELATED STORIES

Share it