കൃഷ്ണകൃതി സാംസ്‌കാരിക മേളയില്‍ താരമായി വല്‍സന്‍ കൂര്‍മ കൊല്ലേരി

കൊച്ചി: കലാസ്വാദകരെ അനായാസം കൈയിലെടുത്ത ബിനാലെയിലെ മലയാളി കലാകാരന്‍ ഹൈദരാബാദില്‍ നടന്ന കൃഷ്ണകൃതി കലാ- സാംസ്‌കാരിക മേളയില്‍ ശ്രദ്ധേയനായി. മേളയുടെ ഭാഗമായി നൂറോളം യുവ ആസ്വാദകര്‍ക്കു മുന്നിലെത്തിയ വല്‍സന്‍ കൂര്‍മ കൊല്ലേരിയാണ് ലഘുവിദ്യകളിലൂടെയും രസപ്രദമായ സംഭാഷണത്തിലൂടെയും ചിത്രരചനയുടെ വിശാലമായ സൗന്ദര്യശാസ്ത്രം പകര്‍ന്നുനല്‍കിയത്.
കല അഭ്യസിക്കാന്‍ പ്രായം ഘടകമല്ലെന്നു തെളിയിച്ച ശില്‍പി വല്‍സന്‍ സര്‍ഗശക്തിക്കു വിഘാതമാവുന്ന സന്ദേഹവും ശങ്കയും ഉപേക്ഷിക്കാന്‍ ആസ്വാദകരെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സദസ്സില്‍നിന്നുതന്നെ ഒരു പെണ്‍കുട്ടിയെ മോഡലാക്കി അദ്ദേഹം കരിക്കട്ടയില്‍ ചിത്രം വരച്ചെടുത്തു.
മധപ്പൂരിലെ സെന്റര്‍ ഫോര്‍ കള്‍ചറല്‍ റിസോഴ്‌സസ് ആന്റ് ട്രെയ്‌നിങ് ആയിരുന്നു വേദി. ജോലിയില്‍നിന്നു വിരമിച്ചശേഷവും ഒരു വ്യക്തിക്ക് കലയിലേക്കു കാലുകുത്താമെന്ന് വല്‍സന്‍ പറഞ്ഞു. അതു ചിലപ്പോള്‍ രണ്ടാമത്തെ നല്ല നഴ്‌സറിയായി മാറിയേക്കാം. ചെറിയ സൃഷ്ടി ചിലപ്പോള്‍ മഹത്തായ സൃഷ്ടിയായെന്നും വരാം.
കല അഭ്യസിക്കുന്നതിന് നിശ്ചിതമായ രീതികളും ശൈലികളുമില്ല. കാഴ്ചയുള്ളവരെക്കാള്‍ ചിലപ്പോള്‍ മികച്ച കലാസ്വാദകരാവുന്നത് കാഴ്ചയില്ലാത്തവരായിരിക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പ് മദ്രാസ് സര്‍വകലാശാലയില്‍ നടന്ന തന്റെ പ്രദര്‍ശനം കാണാന്‍ കാഴ്ചയില്ലാത്തവര്‍ എത്തിയിരുന്നു.
തന്റെ 35 പ്രദര്‍ശനവസ്തുക്കളെക്കുറിച്ച് അതീവ ശ്രദ്ധയോടെയാണ് അവര്‍ കേട്ടിരുന്നതെന്ന് കണ്ണൂര്‍ പാട്യം സ്വദേശിയായ ഈ അറുപത്തിരണ്ടുകാരന്‍ പറഞ്ഞു. ബറോഡ, പാരീസ് എന്നിവിടങ്ങളിലാണ് കലാഭ്യസനത്തില്‍ വല്‍സന്‍ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കിയത്.
കൊച്ചി മുസിരിസ് ബിനാലെയുടെ രണ്ട് എഡിഷനുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കല ഉചിതമായി ഉപയോഗിച്ചാല്‍ ഏത് കാന്‍വാസും കമനീയമാവുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ തയ്യാറാക്കിയ ശലഭോദ്യാനത്തെയാണ് അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

Next Story

RELATED STORIES

Share it