Flash News

കൃഷിവകുപ്പിലെ ഉദ്യോഗസ്ഥപ്പോര് : നിയമസഭയില്‍ ബഹളം



തിരുവനന്തപുരം: കൃഷിവകുപ്പിലെ ഉദ്യോഗസ്ഥപ്പോരിനെ ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായഭിന്നത ഭരണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയോടും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറിനോടും വകുപ്പുമന്ത്രി വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ തമ്മിലടി ഭരണസ്തംഭനത്തിന് വഴിവയ്ക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നതയെ പൊതുപ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  വ്യക്തിപരമായ ആക്ഷേപമാണ് ഉദ്യോഗസ്ഥര്‍ പരസ്പരം ഉന്നയിച്ചതെന്നും ഇതു വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇതുപോലെ തമ്മിലടിച്ച കാലമുണ്ടായിട്ടില്ല. ചീഫ് സെക്രട്ടറിക്ക് പോലും സുപ്രിംകോടതിയില്‍ മാപ്പുപറയേണ്ടിവന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. തന്നെ മനപ്പൂര്‍വം വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജു പ്രഭാകറിന്റെ പരാതി. ഡിജിപിയും എഡിജിപിയും തമ്മിലുള്ള പോര് തല്ലിന്റെ വക്കിലെത്തി. മുഖ്യമന്ത്രിയെ ഒരു ഉദ്യോഗസ്ഥര്‍ക്കും പേടിയില്ല. മുഖ്യമന്ത്രി പറയുന്നത് ആരും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎഎസുകാര്‍ തമ്മിലുള്ള അടി ഇന്നലെ ആരംഭിച്ചതല്ലെന്നും  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൃഷിവകുപ്പ് ഡയറക്ടറും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം നാലു മാസമായി തുടര്‍ന്നിട്ടും പരിഹരിക്കാന്‍ എന്തുകൊണ്ട് കൃഷിമന്ത്രിക്ക് കഴിയുന്നില്ല. ഭരണത്തലപ്പത്തെ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നതാണ് പ്രശ്‌നം. ഡോ. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്ന് ഒരാള്‍ പറഞ്ഞാല്‍ മന്ത്രി അത് കേട്ടിരിക്കുകയാണോ വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
Next Story

RELATED STORIES

Share it