Pathanamthitta local

കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി വാങ്ങി നല്‍കും

പത്തനംതിട്ട: ‘'ആശിക്കും ഭുമി ആദിവാസിക്ക്'’ പദ്ധതിക്കായി നീക്കി വച്ച തുക പാഴാകില്ലെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ.  ഭൂരഹിതരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് റാന്നി താലൂക്കിലെ കൊല്ലമുള വില്ലേജില്‍ ഭൂമി വാങ്ങി നല്‍കുന്നതിനായി കണ്ടെത്തിയ സ്ഥലത്തിന്റെ വില നിര്‍ണയിച്ചതില്‍ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി ജില്ലാ കലക്ടര്‍ നിര്‍ത്തിവച്ചിരുന്നു. 2018 മാര്‍ച്ച് മൂന്നിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അര്‍ഹതയുള്ള ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതു സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്.
കൃഷി യോഗ്യവും വാസയോഗ്യവുമായ ഭൂമി ആദിവാസി പുനരധിവാസ വികസന ജില്ലാ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വിലയ്ക്കു വാങ്ങി ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതു സംബന്ധിച്ചാണ് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ഉത്തരവ് പ്രകാരം കുറഞ്ഞത് ഒരേക്കര്‍ വരെ ഭൂമിയുള്ളവര്‍ക്ക് എല്ലാ രേഖകളും സഹിതം 2018 മേയ് 31 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനയ്ക്ക് തയാറാണെന്നുള്ള സമ്മതപത്രം എന്നിവ ഹാജരാക്കണം.
ഓഫര്‍ ലഭിച്ച് ഏഴ് ദിവസത്തിനകം പഞ്ചായത്ത്തല സമിതി പരിശോധിച്ച് റിപോര്‍ട്ട് നല്‍കണം. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാതല സമിതി സ്ഥലം പദ്ധതിക്ക് അനുയോജ്യമാണോയെന്നതു സംബന്ധിച്ച് വിശദമായ സ്‌റ്റേറ്റ്‌മെന്റ് തയാറാക്കും. ഇതിനു ശേഷം ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള പര്‍ച്ചേസ് കമ്മിറ്റി വില നിശ്ചയിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചശേഷം ഭൂവുടമയുമായി നെഗോഷ്യേറ്റ് ചെയ്ത് വില നിര്‍ണയിക്കും.
പട്ടിക വര്‍ഗ അധിവാസ മേഖലയോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഭൂവുടമയില്‍ നിന്നും സമ്മതപത്രം വാങ്ങി കണ്ടെത്തുന്ന ഭൂമി ലാന്‍ഡ് ബാങ്കായി നിലനിര്‍ത്തും. ജില്ലാ മിഷന്‍ നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുന്ന ഭൂമിയില്‍ താമസിക്കാന്‍ തയാറാണെന്നുള്ള സമ്മതപത്രം നല്‍കുന്ന പട്ടികവര്‍ഗക്കാരെ നറുക്കെടുപ്പിലൂടെ പരിഗണിച്ച് ലാന്‍ഡ് ബാങ്കില്‍ നില നിര്‍ത്തിയിട്ടുള്ള ഭൂമിയില്‍ നിന്നും അപേക്ഷകര്‍ക്ക് മാനദണ്ഡ പ്രകാരമുള്ള ഭൂമി വിതരണം ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. ആദിവാസികള്‍ക്ക് കൊല്ലമുള വില്ലേജില്‍ ഭൂമി വാങ്ങി നല്‍കുന്നതിനായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയും തുറന്ന പോരിലേക്ക് എത്തിയിരുന്നു.
Next Story

RELATED STORIES

Share it