Idukki local

കൃഷിയില്‍ പൊന്നു വിളയിച്ച് ക്രമസമാധാനപാലകര്‍

പീരുമേട്: തരിശുഭൂമി വിഷരഹിത ജൈവ പച്ചക്കറി കൃഷി തോട്ടമാക്കി മാറ്റി  പച്ചക്കറി കൃഷിയില്‍ പൊന്നുവിളയിച്ച് ക്രമസമാധാന പാലനത്തിന്റെ തിരക്കുകള്‍ക്കിടയിലും ഒരു പറ്റം പോലിസുകാര്‍. ഒഴിവു സമയങ്ങളില്‍ മണ്ണില്‍ പണി ചെയ്ത് പൊന്നു വിളയിക്കാനായതില്‍ സ്റ്റേഷനിലെ ജീവനക്കാരെല്ലാം ആവേശത്തിലാണ്.
പീരുമേട് പോലീസ് സ്‌റ്റേഷനിലെ ഓഫീസ് കാര്യാലയത്തിനു സമീപത്തെ കാടു പിടിച്ചു കിടന്ന ഒന്നര ഏക്കര്‍ സ്ഥലത്താണ് പീരുമേട് സ്‌റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ച് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്.  കാരറ്റ്, കാബേജ്, ബീന്‍സ്, ബ്രോകോളി, തക്കാളി, പച്ചമുളക്, ചീര തുടങ്ങി 15ല്‍ പരം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
ഒഴിവ് സമയമാണ് കൃഷിക്കായി ഇവര്‍ സമയം കണ്ടെത്തുന്നത്. പച്ചക്കറി കൃഷിക്കു പുറമേ നൂറില്‍ പരം വാഴവിത്തുകളും കാര്യാലയത്തിന്റെ വളപ്പില്‍ കൃഷി ചെയ്തിട്ടുണ്ട്. വാഴക്കുല വെട്ടാന്‍ പാകത്തിലായ നിലയിലാണ്. പൂര്‍ണമായും ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കീടനാശിനികളോ വളങ്ങളോ ഉപയോഗിക്കാത്തതിനാല്‍ ദിനംപ്രതിയുള്ള പരിചരണം ഒഴിവു സമയങ്ങളില്‍ പോലിസുകാര്‍ സമയം കണ്ടെത്തി കൃഷികള്‍ പരിപാലിക്കുകയാണ് ചെയ്യുന്നത്.
പച്ചച്ചാണകത്തില്‍ കടലപിണ്ണാക്ക് ചേര്‍ത്ത മിശ്രിതമാണ് പച്ചക്കറികളില്‍ തളിക്കുന്നത്. കാബേജിന് മാത്രം കൃഷിഭവനില്‍ നിന്നു നല്‍കുന്ന വളമാണ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ നനയ്ക്കുന്നതിനായും പ്രത്യേകം സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ഷിബുകുമാര്‍ ചുമതലയേറ്റെടുത്തതോടെ ജൈവ പച്ചക്കറി കൃഷി ചെയ്യാന്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാവുകയും കാടുപിടിച്ചു കിടന്ന കൂടുതല്‍ സ്ഥലങ്ങള്‍ പോലിസുകാരുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ച് കൃഷികള്‍ ആരംഭിച്ചത്.
കൃഷിയുടെ വിളവെടുപ്പ് കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍ നിര്‍വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബുകുമാര്‍, അഡി. എസ്‌ഐ വര്‍ഗിസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാജഹാന്‍, സുനില്‍ കുമാര്‍, ഐസക് തുടങ്ങിയവര്‍ പച്ചക്കറി കൃഷിക്ക് നേതൃത്വം നല്കി വരുന്നു.
Next Story

RELATED STORIES

Share it