Flash News

കൃഷിയിടങ്ങള്‍ നികത്തിയ ശേഷം അനുമതി തേടുന്നത് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍



കൊച്ചി: അധികൃതരില്‍ നിന്ന് അനുമതി തേടാതെ വന്‍ തോതില്‍ കൃഷിയിടങ്ങള്‍ നികത്തിയ ശേഷം നിയമപരമായ സാധൂകരണത്തിന് അനുമതി തേടുന്ന നടപടികള്‍ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള ഭൂ വിനിയോഗ ഓര്‍ഡര്‍, ജലജ ദിലീപ് കേസിലെ സുപ്രിംകോടതി ഉത്തരവ്, ഭൂവിനിയോഗ ഓര്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള സ്റ്റാന്റിങ് ഇന്‍സ്ട്രക്ഷന്‍സ് എന്നിവയുടെ അടിസ്ഥാനത്തില്‍ വന്‍തോതില്‍ കൃഷി ഭൂമി നികത്താന്‍ കലക്ടര്‍ക്ക് അനുമതി നല്‍കാനാവില്ല. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് 2016 ഡിസംബറില്‍ പുറത്തിറക്കിയ സര്‍ക്കുലറെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വന്‍തോതില്‍ കൃഷിയിടങ്ങള്‍ നികത്തുന്നതും അയല്‍ കൃഷിയിടത്തേക്ക് ജലാഗമനം തടയുന്ന തരത്തില്‍ നികത്തുന്നതും തടഞ്ഞുകൊണ്ട് 2002 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂവിനിയോഗ ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് സുപ്രിംകോടതി ശരിവച്ചതുമാണ്. നികത്താന്‍ അനുമതി തേടി കലകടര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതേസമയം, മുനിസിപ്പല്‍, കോര്‍പറേഷന്‍ മേഖലകളില്‍ അഞ്ച് സെന്റിനും പഞ്ചായത്തുകളില്‍ പത്ത് സെന്റിനും മുകളില്‍ നികത്താന്‍ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കാനാവില്ല. അപേക്ഷ പരിഗണിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സമിതിയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് ആര്‍ഡിഒമാര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. വന്‍കിട വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതിന് വേണ്ടിയല്ല, കൃഷിയാവശ്യങ്ങള്‍ക്ക് വേണ്ടി കൃഷിഭൂമി ഉപയോഗിക്കുന്ന സാഹചര്യമൊരുക്കാനാണ് ഭൂ വിനിയോഗ ഓര്‍ഡര്‍ നിലവില്‍ വന്നത്. 1997ല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റാന്റിങ് ഇന്‍സ്ട്രക്ഷന്‍സ് കൊണ്ടുവന്നു.
Next Story

RELATED STORIES

Share it