കൃഷിക്ക് നല്ല കാലം; കര്‍ഷകര്‍ക്കോ?

കൃഷിക്ക് നല്ല കാലം; കര്‍ഷകര്‍ക്കോ?
X


രാജ്യത്തു കര്‍ഷക പ്രക്ഷോഭം അക്രമാസക്തമായി പടര്‍ന്നുപിടിക്കുന്നതാണ് കാണുന്നത്. ഇതില്‍ വളരെ വ്യക്തമായി കാണാവുന്ന ഒരു വൈരുധ്യമുണ്ട്: എന്തുകൊണ്ടാണ് ഒരു വന്‍ വിളവെടുപ്പിനുശേഷം കര്‍ഷകര്‍ പ്രക്ഷോഭരംഗത്തേക്ക് ഇറങ്ങേണ്ടിവന്നത്? സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികള്‍ക്കൊക്കെ അറിയാവുന്ന ഒരു സത്യമുണ്ട്. വിളവെടുപ്പ് ഗംഭീരമായാല്‍ വിപണിയില്‍ വിഭവങ്ങള്‍ ധാരാളം വന്നുചേരും. അത് വിലയിടിവിനു കാരണമാവുകയും ചെയ്യും. അങ്ങനെ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് നല്ലകാലമാണ്. പക്ഷേ, ഉല്‍പാദകരായ കര്‍ഷകരെ സംബന്ധിച്ചിടത്തോളം കഷ്ടകാലവും. അതിനു പരിഹാരമായാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ ഒരു മിനിമം വിലയ്ക്കു സര്‍ക്കാര്‍ സംഭരിക്കുന്നത് വിലത്തകര്‍ച്ച കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നത് തടയുന്നതിനു വേണ്ടിയാണ്. അതേസമയം, ഉപഭോക്താക്കള്‍ക്ക് പൊതുവിതരണ സമ്പ്രദായത്തിലൂടെ സബ്‌സിഡി നല്‍കിയാണ് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. അങ്ങനെയാണ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നത്. കഴിഞ്ഞ 50 വര്‍ഷമായി രാജ്യത്ത് ഇങ്ങനെയാണു കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടിയാണ് 1965ല്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം ആരംഭിച്ചത്.ഇതൊക്കെയായിട്ടും എന്തുകൊണ്ടാണ് കാര്‍ഷികമേഖലയില്‍ ഇങ്ങനെ നിരന്തരം പ്രതിസന്ധികള്‍ ഉരുണ്ടുകൂടുന്നത്? നേരത്തേ പലരും പറഞ്ഞു, കൃഷി ആദായകരമല്ലാത്തതിനാല്‍ ആ മേഖലയില്‍ നിന്ന് ആളുകളെ മറ്റു തൊഴില്‍മേഖലകളിലേക്ക് ആകര്‍ഷിക്കണം. തീര്‍ച്ചയായും മറ്റു തൊഴില്‍രംഗങ്ങളില്‍ വികസനം നടക്കുന്നുണ്ട്. എന്നിരുന്നാലും കൃഷിയുടെ പരമപ്രാധാന്യം തൊഴില്‍രംഗത്ത് നിലനില്‍ക്കുക തന്നെ ചെയ്യും. ഇപ്പോഴത്തെ കണക്കുകള്‍പ്രകാരം 2050ല്‍ പോലും ഇന്ത്യയുടെ കാര്‍ഷികമേഖലയില്‍ 80 കോടി ജനങ്ങള്‍ തൊഴിലെടുക്കുന്നുണ്ടാവും. മാത്രമല്ല, ഇന്ത്യന്‍ നഗരങ്ങളുടെ അവസ്ഥ നോക്കിയാല്‍ ജനങ്ങള്‍ കൂട്ടമായി അങ്ങോട്ടു കുടിയേറുന്നത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുകയേയുള്ളൂ എന്ന കാര്യവും കാണണം. അതിനാല്‍, കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം അവിടെ തന്നെയാണ് കാണേണ്ടത്. അത് അടിയന്തരമായി വേണം താനും.ഇന്ത്യയില്‍ ഇന്നും നാം ഹരിതവിപ്ലവത്തിന്റെ കാലത്തെ അവസ്ഥയില്‍ തന്നെയാണ്. 1970കളിലാണ് അത്തരം കൃഷിരീതികള്‍ നാട്ടില്‍ നടപ്പാക്കിയത്. അതുകൊണ്ട് ഭേക്ഷ്യാല്‍പാദനത്തില്‍ വന്‍ വര്‍ധനയുണ്ടായി എന്നതു സത്യമാണ്. എന്നാല്‍, പ്രധാനമായും അരിയും ഗോതമ്പുമാണ് ഉല്‍പാദനത്തില്‍ കുതിപ്പു കാണിച്ചത്. ഇന്ത്യയിലെ മൂന്നില്‍രണ്ടു ജനങ്ങളും ഉപയോഗിക്കുന്ന മറ്റു ഭക്ഷ്യവിഭവങ്ങളെ ഹരിതവിപ്ലവം ബാധിച്ചതേയില്ല. മുത്താറിയും പയറുവര്‍ഗങ്ങളും അതില്‍ പ്രധാനമാണ്. മാത്രമല്ല, ഹരിതവിപ്ലവത്തിന് ഹരിതസ്വഭാവം ഒട്ടും ഉണ്ടായിരുന്നില്ല. പരിസ്ഥിതിയെ ഏറ്റവും മോശമായി ബാധിക്കുകയും ജലവിഭവങ്ങള്‍ ഊറ്റിയെടുക്കുകയും ചെയ്ത കൃഷിരീതിയാണത്. ഭൂമിയും ജലവും മലിനീകരിക്കുന്ന തരത്തില്‍ അമിതമായ കീടനാശിനി-രാസവള ഉപയോഗമാണ് അതില്‍ സംഭവിച്ചത്. ഭൂഗര്‍ഭജലം പൂര്‍ണമായും ഊറ്റിയെടുത്താണ് കൃഷി മുന്നോട്ടുപോയത്. ഇതിന്റെ ഫലം സമീപകാലത്ത് ശക്തമായ ജലദൗര്‍ലഭ്യമാണ്. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു. പലതരത്തിലുള്ള മാരക ധാതുക്കള്‍ നമ്മുടെ കുടിവെള്ളത്തില്‍ പടരാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വലിയൊരു ആരോഗ്യപ്രശ്‌നമായി പല പ്രദേശങ്ങളിലും വന്നുകഴിഞ്ഞു. കൃഷി മുന്നോട്ടുപോവാന്‍ അമിതമായ വള-കീടനാശിനി പ്രയോഗവും അനിവാര്യമായി മാറിയിരിക്കുന്നു. ഫലം, കൃഷിച്ചെലവിലുണ്ടായ അമിത വര്‍ധനയാണ്. എന്നാല്‍, അതിനനുസരിച്ച് ഉല്‍പാദനത്തിലോ വിലയിലോ വര്‍ധനയുണ്ടായില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ മൂന്നു ലക്ഷത്തിലധികം കൃഷിക്കാര്‍ രാജ്യത്ത് ആത്മഹത്യ ചെയ്യാനിടയാക്കിയത് ഈയൊരു പശ്ചാത്തലമാണ്. ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ കര്‍ഷകര്‍ ഇത്ര വലിയൊരു ദുരന്തം വേറെ പേറിയിട്ടില്ല.അതിനാല്‍, ഇപ്പോള്‍ ആത്മഹത്യക്കും അക്രമത്തിനും ഇടയില്‍പ്പെട്ട് ഉഴലുന്ന കര്‍ഷകരെ രക്ഷിക്കാന്‍ രാജ്യം എന്താണു ചെയ്യേണ്ടത്? ഒന്നാമത്, കൂടുതല്‍ പാരിസ്ഥിതികമായി നിലനില്‍ക്കുന്ന കൃഷിരീതികളിലേക്കു മാറണം. ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രധാനമാണ്. രാസവള വിമുക്തമായ ജൈവകൃഷി രീതികള്‍ ലാഭകരമായ ഒരു ബദലായി ഉയര്‍ന്നുവന്നിട്ടുണ്ട്. വളം, കീടനാശിനി എന്നിവയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നു കര്‍ഷകര്‍ വിമുക്തരാവണം. അത് അവരെ പ്രകൃതിയുമായി ബന്ധിപ്പിക്കും; ഇപ്പോഴത്തെ ദൂഷിതവലയത്തില്‍ നിന്നു വിമുക്തരാക്കും. കാര്‍ഷികച്ചെലവുകള്‍ കുറയ്ക്കാനും മെച്ചപ്പെട്ട വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കാനും അതു സഹായകമാവും. പ്രധാനമന്ത്രി ആരംഭിച്ച ഭൂമി ആരോഗ്യ കാര്‍ഡ് പദ്ധതി സ്വാഗതാര്‍ഹമായ നീക്കമാണ്. കാര്‍ഷിക മേഖലയില്‍ പ്രകൃതിസൗഹൃദപരമായ നയങ്ങള്‍ നടപ്പാക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.  രണ്ടാമത്, ജലവിഭവ വിനിയോഗം കാര്യക്ഷമമാക്കണം. ഇന്ന് അനാവശ്യമായ ധൂര്‍ത്ത് ഈ രംഗത്തു നിലനില്‍ക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് ജലം ലഭ്യമാവണം; അതേസമയം, ദുര്‍വ്യയം പാടില്ല. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍തലത്തില്‍ നടക്കുന്നുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. ഭൂഗര്‍ഭ ജലവിനിയോഗം സംബന്ധിച്ച പുതിയ നിയമനിര്‍മാണത്തിനും നീക്കം നടക്കുന്നുണ്ട്. ജലവിനിയോഗം സംബന്ധിച്ച 19ാം നൂറ്റാണ്ടിലെ കൊളോണിയല്‍ നിയമം അതോടെ ഇല്ലാതാവും. ഇതു ഫലപ്രദമായി നടപ്പാക്കുന്നതിനും ശ്രമം അനിവാര്യമാണ്.  മൂന്നാമത്, കാര്‍ഷികരംഗത്ത് വികേന്ദ്രീകരണം പ്രധാനമാണ്. മൃഗസംരക്ഷണവും മല്‍സ്യകൃഷിയും പൂകൃഷിയും അടക്കമുള്ള മറ്റ് അനുബന്ധ മേഖലകള്‍ കൂടുതല്‍ ശക്തമാക്കണം. കാര്‍ഷിക സമ്പദ്ഘടനയുടെ അലകും പിടിയും മാറ്റുന്ന പുതിയ സമീപനങ്ങള്‍ വരണം. ജലം അമിതമായി ഉപയോഗിക്കുന്ന നെല്ല്, ഗോതമ്പ് പോലുള്ള കൃഷികളില്‍ നിന്ന് മറ്റു വിഭവങ്ങളിലേക്കു മാറാന്‍ നീക്കം നടത്തണം. പയറുവര്‍ഗങ്ങള്‍ക്കും മുത്താറിപോലുള്ള, ജലം കുറഞ്ഞ അളവില്‍ വേണ്ട ധാന്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. പ്രമേഹം പോലുള്ള രോഗങ്ങളുടെ വ്യാപനം തടയാനും ഈ മാറ്റങ്ങള്‍ സഹായകമാവും. പ്രധാനമായി വേണ്ടത്, കാര്‍ഷികോല്‍പന്നങ്ങള്‍ ഫലപ്രദമായി ശേഖരിച്ചു വിതരണം ചെയ്യാനുള്ള കാര്യക്ഷമമായ സംവിധാനങ്ങളാണ്. സര്‍ക്കാര്‍ ഈ രംഗത്തു മുന്‍കൈയെടുക്കണം. സ്വകാര്യ കച്ചവടക്കാരുടെ കുത്തക അവസാനിപ്പിക്കണം. അരിയും ഗോതമ്പും മാത്രമാണ് എഫ്‌സിഐ ശേഖരിക്കുന്നത്. മറ്റു വിഭവങ്ങളുടെ ശേഖരണത്തിനും അവര്‍ ഊന്നല്‍ നല്‍കണം. പയറുവര്‍ഗങ്ങള്‍ സംഭരിക്കുന്ന പരിപാടി ഈ വര്‍ഷം ആരംഭിച്ചതു നല്ലതാണ്. അത് ഇനിയും വിപുലമാക്കണം. സര്‍ക്കാര്‍ ഉച്ചഭക്ഷണ പരിപാടികളില്‍ മുത്താറി അടക്കമുള്ള ധാന്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പ്രയോജനപ്രദമാണ്. കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ധന ലക്ഷ്യമിട്ട് കൂടുതല്‍ നിക്ഷേപങ്ങള്‍ അനിവാര്യമാണ്. പച്ചക്കറിയും പാല്‍വിഭവങ്ങളും തെരുവില്‍ കൂട്ടിയിടുന്ന അവസ്ഥ മാറണം. വിഭവശേഖരണത്തിനും അത് മെച്ചപ്പെട്ട നിലയില്‍ സംരക്ഷിക്കുന്നതിനും അടിയന്തരപ്രാധാന്യം നല്‍കിയേ പറ്റൂ. കൃഷിക്കാര്‍ക്ക് കടാശ്വാസവും മെച്ചപ്പെട്ട വായ്പാ സൗകര്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വായ്പ എഴുതിത്തള്ളുന്ന രീതി അത്ര ഗുണകരമാണെന്നു തോന്നുന്നില്ല. ബദല്‍മാര്‍ഗങ്ങള്‍ പരിശോധിക്കണം. അതിനായി ഉല്‍പാദകരുടെ സഹകരണ സംഘങ്ങള്‍ ശക്തിപ്പെടുത്തണം. ഒറ്റപ്പെട്ടുപോവുന്ന കര്‍ഷകന് അവരുടെ കൂട്ടായ്മയുടെ സഹായവും സാന്ത്വനവും ലഭ്യമാക്കാന്‍ രാജ്യം നടപടികള്‍ സ്വീകരിക്കുക മാത്രമാണ് പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള പോംവഴി.               (ആസൂത്രണ കമ്മീഷനിലെ മുന്‍ അംഗമാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it