thrissur local

കൃത്യമായ മുന്‍കരുതലുകളില്ല; എന്യൂമറേറ്റര്‍മാര്‍ വലയുന്നു

മാള: ദേശീയ പോപ്പുലര്‍ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി സര്‍വ്വേ നടന്നുകൊണ്ടിരിക്കയാണ്. വളരെയേറെ ബുദ്ധിമുട്ടുകളാണ് സര്‍വ്വേക്കായി നിയോഗിക്കപ്പെട്ട എന്യൂമറേറ്റര്‍മാര്‍ അനുഭവിക്കുന്നത്. കൃത്യമായ മുന്‍കരുതലുകളും ആലോചനകളുമില്ലാത്തതാണ് എന്യൂമറേറ്റര്‍മാരുടെ ദുരിതത്തിന് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കാമെങ്കിലും അക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികള്‍ ഒന്നും തന്നെയില്ല. ഓരോ വീടുകളിലുമുള്ളവരുടെ ആധാര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡും മൊബൈല്‍ നമ്പറുമാണ് ഓരോ കുടുംബത്തിന്റേയും ആധാര്‍ രജിസ്‌ട്രേഷനായി വേണ്ടത്.
എന്നാല്‍ വേണ്ടത്ര അറിയിപ്പിന്റെ അഭാവത്താല്‍ ഓരോ വീടുകളില്‍ നിന്നും ആവശ്യമായ രേഖകള്‍ ലഭിക്കാന്‍ അര മണിക്കൂറും അതിലധികവും വരെ സമയമാണ് എടുക്കുന്നത്. ശരാശരി പത്ത് മിനിറ്റുകൊണ്ട് കഴിയുന്ന പ്രക്രിയക്കാണ് വളരെയിരട്ടി സമയം വേണ്ടിവരുന്നത്. റേഷന്‍ കാര്‍ഡ് എളുപ്പത്തില്‍ ലഭ്യമാകാമെങ്കിലും ആധാര്‍ കാര്‍ഡ് ലഭ്യമാകാനാണ് വളരെയേറെ സമയമെടുക്കുന്നത്. ആധാര്‍ കാര്‍ഡ് സൂക്ഷിച്ച സ്ഥലം പെട്ടെന്ന് ഓര്‍ക്കാത്തതും സൂക്ഷിച്ചയാള്‍ വീടുകളിലില്ലാതാവമ്പോഴുമാണ് സമയമേറെയെടുക്കുന്നത്. എന്യൂമറേറ്റര്‍മാരെത്തുന്നതിന് മുന്‍പായി ഓരോ പ്രദേശത്തും അറിയിപ്പുണ്ടായിരുന്നെങ്കില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമായിരുന്നില്ല.
പത്ര മാധ്യമങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, നോട്ടീസുകള്‍ തുടങ്ങിയവകളിലൂടെ ജനങ്ങളില്‍ അറിയിപ്പെത്തിക്കാമെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഇല്ല. നിരവധി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഏജന്റുമാരും എന്യൂമറേറ്റര്‍മാര്‍ക്ക് പാരയാകുന്നു. വീടുകളില്‍ എത്തി കോളിംഗ് ബെല്ലടിച്ചാലോ വാതിലില്‍ മുട്ടിവിളിച്ചാലോ ചില വീട്ടുകാര്‍ വാതില്‍ തുറക്കുന്നില്ലെന്നാണ് എന്യൂമറേറ്റര്‍മാര്‍ പറയുന്നത .
നടന്നു തളരുകയാണ് ദിവസത്തിന്റെ പകുതിയാവുമ്പോള്‍ തന്നെ. തെരുവ് നായ്ക്കളാണ് ഇവ കൂടാതെയുള്ള പ്രശ്‌നം.
പരീക്ഷക്ക് തയ്യാറെടുക്കേണ്ട സമയത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയാണ് അധ്യാപകരെ എന്യൂമറേറ്റര്‍മാരാക്കുമ്പോള്‍.
എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും വളരെ കുറച്ചുപേരേയും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും കൂടുതല്‍ പേരേയും എന്യൂമറേറ്റര്‍മാരാക്കിയിട്ടുണ്ടെന്നും ചിലര്‍ പരാതിപ്പെടുന്നു. വില്ലേജ്, പഞ്ചായത്ത് അധികൃതരും മറ്റും വേണ്ടത്ര മനസ്സു വച്ചാല്‍ എളുപ്പത്തില്‍ നടക്കുന്ന കാര്യമാണ് ഇവര്‍ക്ക് ഇത്രയേറെ ദുരിതം സമ്മാനിക്കുന്നത്.
Next Story

RELATED STORIES

Share it