Flash News

കൃത്യമായി ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാര്‍ 1000 വര്‍ഷം നില്‍ക്കും ; നിലപാട് ആവര്‍ത്തിച്ച് ജസ്റ്റിസ് കെ ടി തോമസ്



കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച് സുപ്രിംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റിസ് കെ ടി തോമസ്. കാലാകാലങ്ങളില്‍ ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ആയിരം വര്‍ഷംകൂടി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുമെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. 116 വര്‍ഷം പഴക്കമുള്ള ഡാം പൊട്ടുമെന്ന് ആദ്യം പ്രചാരണമുണ്ടായപ്പോള്‍ താനും വിശ്വസിച്ചിരുന്നു. എന്നാല്‍, ഇതെക്കുറിച്ച് പഠനം നടത്തിയപ്പോഴാണ് മറ്റൊരു ഡാമിലും നടത്താത്ത തരത്തിലുള്ള ബലപ്പെടുത്തലാണ് മുല്ലപ്പെരിയാറില്‍ നടത്തിയതെന്ന് വ്യക്തമായത്. ഇതാണ് ഡാം കൂടുതല്‍ ശക്തിപ്പെടാന്‍ കാരണം. ഇന്ത്യയില്‍ കാലപ്പഴക്കമുള്ള ഡാമുകളില്‍ ഏറ്റവും സുരക്ഷിതമായ ഡാം മുല്ലപ്പെരിയാറാണ്. മുല്ലപ്പരിയാര്‍ ഡാം സംബന്ധിച്ച സുപ്രിംകോടതിയുടെ അഞ്ചംഗബെഞ്ചിന്റെ വിധിയില്‍ സന്തുഷ്ടനാണെന്നും കെ ടി തോമസ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന ആശങ്കയില്‍ പ്രദേശത്തെ ജനങ്ങള്‍ ഭയവിഹ്വലരായി കഴിയുകയാണ്. ഭയത്തില്‍നിന്ന് മോചനമുണ്ടായില്ലെങ്കില്‍ അവര്‍ മറ്റൊരു മാനസികാവസ്ഥയിലേക്ക് പോവും. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കേരളത്തില്‍ ഇത്തരമൊരു ഭയമുണ്ടാക്കിയെടുത്തത്. ഡാം സുരക്ഷിതമാണെന്ന് ബോധ്യമായ സ്ഥിതിക്ക് കോടികള്‍ മുടക്കി പുതിയ ഡാം പണിയേണ്ട ആവശ്യമില്ല. ഡാമിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് ഉയര്‍ത്തുന്നതിനെതിരേ താന്‍ ഉന്നതാധികാരസമിതിയില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. 35 വര്‍ഷമായി 136 അടിയാണ് ഡാമിലെ ജലനിരപ്പ്. പരിസരപ്രദേശങ്ങളിലെ ആവാസവ്യവസ്ഥ അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു. തമിഴ്‌നാടിന് വൈദ്യുതി ഉല്‍പാദനത്തിനല്ല, കൃഷിക്കാണ് വെള്ളം കൊടുക്കുന്നത്. അതിന് 136 അടി വെള്ളം പര്യാപ്തമാണ്. ശേഷിക്കുന്ന ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. മാത്രമല്ല, 136 അടിയായി വെള്ളം ക്രമീകരിക്കുമ്പോള്‍ ജനത്തിന്റെ ഭയവും കുറയും. ഇതൊക്കെ ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി നല്‍കാനും നിര്‍ദേശിച്ചു. എന്നാല്‍, ഡാമിന് ബലക്ഷയമില്ലെന്ന വാദം നിരത്തി മാത്രമേ റിവ്യൂ ഹരജി നല്‍കാന്‍ കഴിയൂ എന്നായിരുന്നു മുല്ലപ്പെരിയാര്‍ സെല്ലിന്റെ നിലപാട്. തമിഴ്‌നാട് സൗജന്യമായി വൈദ്യുതി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും കേരളം ആവശ്യമുന്നയിച്ചില്ല. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളമുപയോഗിച്ച് തമിഴ്‌നാട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഒരുവിഹിതം ചോദിച്ചുവാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഡാമിന് ബലക്ഷയമില്ലെന്ന സമിതി റിപോര്‍ട്ടുമായി മുന്നോട്ടുപോവാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത് അദ്ദേഹം കാര്യങ്ങള്‍ പഠിച്ചതിനാലാണെന്നും കെ ടി തോമസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it