ernakulam local

കൂവപ്പടി യൂനിയന്‍ ബാങ്ക് അധികൃതരുടെ അനാസ്ഥ; പെന്‍ഷന് അര്‍ഹതയുള്ളവര്‍ വലയുന്നു

പെരുമ്പാവൂര്‍: കൂവപ്പടി യൂനിയന്‍ ബാങ്ക് അധികൃതരുടെ അനാസ്ഥമൂലം പെന്‍ഷന് അര്‍ഹതയുള്ളവര്‍ വലയുന്നതായി ആക്ഷേപം.
സര്‍ക്കാരില്‍ നിന്നുള്ള വിവിധ ക്ഷേമ പെന്‍ഷനുകള്‍ ജനുവരി 15 മുതല്‍ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനായി ഈ മാസം 15നകം അക്കൗണ്ട് ആരംഭിച്ച്, രേഖകള്‍ അതാത് പഞ്ചായത്തുകളില്‍ സമര്‍പ്പിക്കാനും നിര്‍ദേശമായി.
കൂവപ്പടി പഞ്ചായത്തിലെ പെന്‍ഷന് അര്‍ഹതയുള്ള 2000 ത്തോളംപേര്‍ പുതിയ അക്കൗണ്ട് എടുക്കുന്നതിനായി കൂവപ്പടിയിലെ ഏക ദേശസാല്‍കൃത ബാങ്കായ യൂനിയന്‍ ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് അധികൃതര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് പറയുന്നു. ഒരു ദിവസം 10 പേര്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന ബാങ്ക് മാനേജറുടെ നിലപാടിനെ തുടര്‍ന്ന് 15നകം അക്കൗണ്ട് ആരംഭിക്കാനാവുമോ എന്ന ആശങ്കയിലാണ് പെന്‍ഷന് അര്‍ഹതപ്പെട്ടവര്‍.
അക്കൗണ്ട് എടുക്കുന്നതിന് ഡിസംബറില്‍ അപേക്ഷ നല്‍കിയവരില്‍ പലര്‍ക്കും ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലാണ് അക്കൗണ്ട് എടുക്കുന്നതിന് ദിവസം നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ അക്കൗണ്ട് എടുക്കാന്‍ സാധിക്കാതെ വന്നവര്‍ പെരുമ്പാവൂര്‍ നഗരത്തിലെ മറ്റ് ബാങ്കുകളെ സമീപിച്ചെങ്കിലും പഞ്ചായത്തിലെ ബാങ്കില്‍ തന്നെ അക്കൗണ്ട് എടുക്കാന്‍ പറഞ്ഞ് മടക്കി അയക്കുന്നതും പെന്‍ഷന്‍കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പെന്‍ഷന്‍കാരെ അവഗണിച്ച് ബിസിനസുകാര്‍ക്ക് അക്കൗണ്ട് ആരംഭിക്കുന്നതിനായി പ്രത്യേക മേളകളും മറ്റും സംഘടിപ്പിക്കുന്ന ബാങ്ക് അധികാരികളുടെ നിലപാട് പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. ബാങ്ക് അധികൃതര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ബാങ്കിന്റെ ഉന്നത അധികാരികള്‍ക്കും പരാതി നല്‍കുമെന്നും വിഷയത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും ഡിസിസി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it