കൂലിവര്‍ധന: നിലപാടില്‍ ഉറച്ച് ഇരുപക്ഷവും നിര്‍ണായക പി.എല്‍.സി. യോഗവും പരാജയം

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വേതനവര്‍ധന സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന നിര്‍ണായക പ്ലാന്റേഷന്‍ ലേബര്‍ കമ്മീഷന്‍ (പി.എല്‍.സി) യോഗവും പരാജയം. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ പി.എല്‍.സി. യോഗമാണ് പുരോഗതിയില്ലാതെ പിരിഞ്ഞത്. ട്രേഡ് യൂനിയനുകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തോട്ടം ഉടമകള്‍ തള്ളിയതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്. യോഗം പിരിയുന്നതിനു മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരുവിഭാഗവുമായി ചര്‍ച്ചനടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു വീണ്ടും യോഗം ചേരും. ഇന്നലെ നടന്ന യോഗത്തിന്റെ വിശദാംശങ്ങളും വ്യവസായ സെക്രട്ടറി കെ എം എബ്രഹാം ചെയര്‍മാനായ സമിതിയുടെ റിപോര്‍ട്ടും നാളത്തെ മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.

തുടര്‍ന്നു നടക്കുന്ന പി.എല്‍.സി. യോഗത്തില്‍ അനുകൂലതീരുമാനമാവുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.  ഈ സാഹചര്യത്തില്‍ സമരം തുടരുമെന്നു തൊഴിലാളി യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. അതേസമയം, 21 കിലോ കൊളുന്ത് എന്നുള്ളത് 31 ആക്കിയാല്‍ 25 രൂപ കൂട്ടിത്തരാമെന്നാണു തോട്ടമുടകളുടെ നിലപാട്. ശരാശരി നുള്ളേണ്ടത് 45 കിലോ ആണെന്നും എന്നാല്‍, 40 കൊല്ലം മുമ്പുണ്ടാക്കിയ ചട്ടമായ 21 കിലോ എന്നുള്ളതാണ് തൊഴിലാളികള്‍ ഇപ്പോഴും അനുവര്‍ത്തിക്കുന്നതെന്നും അതിനൊപ്പം 10 കിലോ കൂടി ഉല്‍പ്പാദനക്ഷമത കൂട്ടാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നുമാണ് ഉടമകളുടെ വിശദീകരണം. 25 രൂപ വേതനവര്‍ധന നടപ്പാക്കാമെന്ന തോട്ടം ഉടമകളുടെ നിര്‍ദേശം രാവിലെതന്നെ തൊഴിലാളികള്‍ തള്ളിയിരുന്നു. അതേസമയം, തൊഴിലാളികള്‍ക്ക് സമ്മതമാണെങ്കില്‍ 500 രൂപയില്‍നിന്ന് നിശ്ചിതതുക കുറച്ച് ആവശ്യപ്പെടാന്‍ ട്രേഡ് യൂനിയനുകള്‍ തയ്യാറാണ്.

എന്നാല്‍, അടിസ്ഥാനവേതനത്തില്‍ 25 രൂപ മാത്രമേ വര്‍ധിപ്പിക്കുകയുള്ളൂ എന്ന തോട്ടമുടകളുടെ കടുംപിടിത്തം മൂലം ഇതിനു യാതൊരു സാധ്യതയും കാണുന്നില്ല. തൊഴിലാളികള്‍ക്കു നക്കാപ്പിച്ചയല്ല ആവശ്യമെന്നും അവര്‍ ആവശ്യപ്പെടുന്ന 500 രൂപയാണ് വേണ്ടതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ദേവികുളം എം.എല്‍.എ. ഇ എസ് ബിജിമോള്‍ വ്യക്തമാക്കി. പ്ലാന്റേഷന്‍ നികുതിയും കാര്‍ഷിക നികുതിയും കുറയ്ക്കണമെന്നാണു തോട്ടമുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ലഭിച്ചാല്‍പോലും കൂലിവര്‍ധന വരുത്താന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍ ഓഫ് കേരള ചെയര്‍മാന്‍ സി വിനയരാഘവന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it