കൂലിവര്‍ധന തോട്ടം മേഖലയെ തകര്‍ക്കുമെന്ന്



കൊച്ചി: സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി തോട്ടം ഉടമകളുടെ സംഘടന രംഗത്ത്. കേരളത്തിലെ തോട്ടംമേഖല കടുത്ത പ്രതിസന്ധിയിലാണെന്നു ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായ യുനൈറ്റഡ് പ്ലാന്റേഷന്‍ അസോസിയേഷന്‍ (ഉപാസി) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
തോട്ടം മേഖലയിലെ കൂലിവര്‍ധന സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതാണ്. സര്‍ക്കാര്‍ തീരുമാനം തോട്ടം മേഖലയെ തകര്‍ക്കുന്നതാണെന്നും ഉപാസി പ്രസിഡ ന്റ് എന്‍ ധര്‍മരാജ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. തേയിലത്തോട്ടങ്ങളിലെ കൂലി പ്രതിദിനം 301 രൂപ ആണെങ്കിലും റബ്ബ ര്‍, ഏലം തോട്ടങ്ങളില്‍ ഇത് 381, 335 രൂപ വീതമാവും. ഇതിനു പുറമേ തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ കൂടിയാവുന്നതോടെ വന്‍ ബാധ്യതയാണ് ഉടമകള്‍ക്കുണ്ടാവുന്നത്. തോട്ടം മേഖലയിലെ കൂലിവര്‍ധനവിനു തങ്ങള്‍ എതിരല്ല, എന്നാല്‍ നിലവിലെ സാഹചര്യം ദക്ഷിണേന്ത്യയിലെ തോട്ടംതൊഴിലാളികളെ അതിനനുവദിക്കുന്നതല്ല. നികുതിഭാരവും അമിതമായ ലവിയും കൂടിയ ഉല്‍പ്പാദനച്ചെലവും ചേര്‍ന്നു സാമ്പത്തികമായി തകര്‍ച്ചയില്‍ നില്‍ക്കുന്ന ദക്ഷിണേന്ത്യയിലെ തോട്ടംമേഖലയെ കൂലി വര്‍ധന പൂര്‍ണമായും തകര്‍ക്കുമെന്നു ധര്‍മരാജന്‍ ചൂണ്ടിക്കാട്ടി.
നിലവിലെ കൂലിവര്‍ധന തോട്ടംമേഖലയെ അടച്ചുപൂട്ടല്‍ വക്കിലെത്തിക്കുമെന്നും കൂലി വൈകുന്നതുള്‍പ്പെടെയുള്ള അവസ്ഥയിലേക്കാവും ഈ മേഖല പോവുകയെന്നും ധര്‍മരാജന്‍ മുന്നറിയിപ്പുനല്‍കി. ഇതിനു പുറമേ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തോട്ടം ഉടമകള്‍ നിര്‍ബന്ധിതമാവും.
നിലവില്‍ കേരളത്തിലെ ഏഴ് എസ്‌റ്റേറ്റുകളും 14 ഫാക്ടറികളും പൂട്ടിക്കിടക്കുകയാണ്. ഭീമമായ നഷ്ടം സഹിക്കാന്‍ കഴിയാതെ മറ്റുചിലതുകൂടി ഉടന്‍ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന, തൊഴില്‍, കയറ്റുമതി മേഖലയില്‍ കേരളത്തിനു വരുംനാളുകളില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും തോട്ടംമേഖലയില്‍ കേരളത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം. തോട്ടംമേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ധര്‍മരാജന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it