Flash News

കൂറ്റന്‍ പടക്കപ്പല്‍ നീറ്റിലിറക്കി ചൈന



ബെയ്ജിങ്: സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ആഭ്യന്തരമായി നിര്‍മിച്ച കൂറ്റന്‍ പടക്കപ്പല്‍ ചൈന നീറ്റിലിറക്കി. സ്വന്തമായി നിര്‍മിച്ച വിമാനവാഹിനി ഏപ്രിലില്‍ പുറത്തിറക്കിയതിനു പിന്നാലെയാണിത്. ഷാങ്ഹായിയിലെ ജിയാങ്‌നന്‍ ഷിപ്‌യാര്‍ഡിലാണ് ടൈപ്പ് 005 ഡിസ്‌ട്രോയര്‍ എന്ന പേരിലുള്ള പടക്കപ്പല്‍ നിര്‍മിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ പടക്കപ്പല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ യുദ്ധക്കപ്പല്‍ കടലിലെ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം അടുത്ത വര്‍ഷം ആദ്യത്തോടെ സൈന്യത്തിന്റെ ഭാഗമാവും. മിസൈല്‍ ആക്രമണങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഈ കപ്പലില്‍ എല്ലാ ആയുധങ്ങളും വിന്യസിച്ചാല്‍ 14,000 ടണ്‍ ഭാരമുണ്ടാവും. നിരവധി ഹെലികോപ്റ്ററുകളെയും ഡ്രോണുകളെയും അന്തര്‍വാഹിനികളെയും വഹിക്കാന്‍ ഇതിനു ശേഷിയുണ്ട്. 2015ലാണ് 175 മീറ്റര്‍ നീളമുള്ള കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. ടൈപ്പ് 005 വിഭാഗത്തിലുള്ള നാല് കപ്പലുകള്‍ പുറത്തിറക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഈ വിഭാഗത്തില്‍ ആദ്യത്തേതാണ് ഇപ്പോള്‍ നീറ്റിലിറക്കിയത്. ഇന്ത്യന്‍സമുദ്രത്തിലും തര്‍ക്കമേഖലയായ തെക്കന്‍ ചൈനാ കടലിലും ചൈനീസ് നാവികസേനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടൈപ്പ് 005ന്റെ വരവ് ഇന്ത്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിരവധി ആണവ അന്തര്‍വാഹിനികളും അത്യാധുനിക യുദ്ധക്കപ്പലുകളും ചൈനീസ് നാവികസേനയുടെ ഭാഗമായിട്ടുണ്ട്. നിര്‍മാണത്തിലുള്ള ഇന്ത്യന്‍ യുദ്ധക്കപ്പല്‍ 15 ബി വിശാഖപട്ടണത്തെക്കാള്‍ പതിന്‍മടങ്ങ് കരുത്തുറ്റതാണ് ചൈനയുടെ ടൈപ്പ് 005. വിശാഖപട്ടണത്ത് നിര്‍മിക്കുന്ന കപ്പലില്‍  മുഴുവന്‍ ആയുധങ്ങള്‍ വിന്യസിച്ചാലും ഭാരം 8,000 ടണ്‍ മാത്രമേ വരൂ.
Next Story

RELATED STORIES

Share it