palakkad local

കൂറ്റനാട് സെന്റര്‍ ജങ്ഷന്‍ നവീകരണം ഈമാസം പൂര്‍ത്തിയാകും

ആനക്കര: കൂറ്റനാട് ജങ്ഷന്‍ നവീകരണം ഈ മാസം പൂര്‍ത്തിയാകും. എന്നാല്‍, ജങ്ഷനില്‍ സിഗ്‌നല്‍ സംവിധാനം നടപ്പിലാക്കിയാല്‍ മാത്രമെ ഗതാഗതകുരുക്കിന് പൂര്‍ണ പരിഹാരമവുകയുള്ളു. കൂറ്റനാട്-തൃത്താല റോഡ് നവീകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ജങ്ഷന്‍ നവീകരണം അന്തിമഘട്ടത്തിലാണ്. സംസ്ഥാന പാതയോട് ചേര്‍ന്ന് കിടക്കുന്ന തൃത്താല ഇറക്കത്തില്‍ റോഡ് വീതി കൂട്ടി മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
നവീകരണം പൂര്‍ത്തിയാവുന്നതോടെ തൃത്താല ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുമെന്നതാണ് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. റോഡ് മികച്ചതാവുന്നതോടെ വാഹനങ്ങളുടെ വേഗതയും വര്‍ധിക്കും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്കുള്ള പ്രധാന പാതകള്‍ സംഗമിക്കുന്ന കൂറ്റനാട് ടൗണിലൂടെ ദീര്‍ഘദൂര ബസ്സുകളടക്കം ആയിരകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോവുന്നത്. ഇതിനിടയിലൂടെ സിഗ്‌നല്‍ സംവിധാനങ്ങളൊന്നുമില്ലാതെയുള്ള ബസുക്കളുടെ ഓട്ടം അപകടത്തിനിടയാക്കും. സമീപ പ്രദേശങ്ങളിലെ മിക്ക ടൗണുകളും സിഗ്‌നല്‍ സംവിധാനങ്ങളടക്കുള്ളവ ഉള്‍പ്പെടുത്തി കാലഘട്ടത്തിനനുസരിച്ച് പുരോഗതി കൈവരിക്കുമ്പോഴും കൂറ്റനാടിനെ അവഗണിക്കുന്നുവെന്ന ആരോപണവും നാട്ടുകാര്‍ക്കുണ്ട്.
സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജനപ്രതിനിധികളെയും,വ്യാപാരികളെയും, പോലീസ് അധികൃതരെയും ഉള്‍പ്പെടുത്തി ട്രാഫിക് റഗുലേറ്ററി മീറ്റിങ്ങ് നടത്തിയിരുന്നുവെങ്കിലും നടപടികളൊന്നുമായില്ല.
Next Story

RELATED STORIES

Share it