thrissur local

കൂര്‍ക്കഞ്ചേരിയില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്നിബാധ

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്നിബാധ. അഗ്‌നിശമനസേന ഉദ്യോഗസ്ഥരടക്കം രണ്ടുപേര്‍ക്കു പരിക്കേറ്റു. ആളപായമില്ല. തങ്കമണികയറ്റത്തിനു സമീപമുള്ള റിലീഫ് ജൂനിയര്‍ എന്ന വസ്ത്ര വ്യാപാരശാലയിലെ രണ്ടും മൂന്നും നിലകളില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയായിരുന്നു. രണ്ടാംനിലയില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍, പാവകള്‍ തുടങ്ങിയവയുടെ ഷോറും മൂന്നാം നിലയില്‍ ഓഫിസുമാണ് പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാംനിലയിലാണ് ആദ്യം പുകയുയര്‍ന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തീപ്പിടുത്തമുണ്ടായത് അറിഞ്ഞത്. ഉടന്‍ തന്നെ തൊഴിലാളികളെ മുകളില്‍ നിന്ന് ഇറ്ക്കുകയും അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയും ചെയ്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. അഗ്‌നിശമനസേനയുടെ എട്ടു യൂനിറ്റുകളെത്തിയാണ് തീയണച്ചത്. രാവിലെ 11 മുതല്‍ കൂര്‍ക്കഞ്ചേരി ഭാഗങ്ങളില്‍ വൈദ്യുതി മുടക്കമായിരുന്നതിനാല്‍ കോംപ്ലക്‌സില്‍ മണിക്കുറുകളായി ജനറേറ്ററാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. വലിയ തോതിലുള്ള വൈദ്യുതി ഉപയോഗത്തിന്റെ ഇടയില്‍ ലോഡ് കൂടിയതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമെന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂരില്‍ നിന്നു അഗ്‌നിശമനസേനയെത്തി സ്ഥാപനത്തിനു മുന്നിലെ ചില്ലു പൊട്ടിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുക നിറഞ്ഞ കെട്ടിടത്തില്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഈസ്റ്റ്, നെടുപുഴ പോലിസ് സംഘവും ചേര്‍ന്നാണ് തീയണച്ചത്. കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള അഗ്നിശമന ഉപകരണം പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തീയണക്കുന്നതിനിടെ ഗ്ലാസിന്റെ ചില്ലുതകര്‍ന്നു രണ്ടു അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്കു പരിക്കു പറ്റി. അഗ്നിശമനസേന ഓഫിസര്‍മാരായ ലീഡിങ് ഫയര്‍മാന്‍ പോള്‍ ഡേവിഡ്, ഫയര്‍മാന്‍ ട്രെയിനി ശരത്ചന്ദ്ര ബാബു എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലം മേയര്‍ അജിത ജയരാജന്‍, കൗണ്‍സിലര്‍ വിന്‍ഷി സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it