Flash News

കൂപ്പുകൈ ചിഹ്നം: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി

കൊല്ലം: എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഎമ്മിന്റേയും സിപിഐയുടേയും ചിഹ്നങ്ങള്‍ തമ്മില്‍ സാമ്യമുണ്ട്. എന്നാല്‍ ഇവര്‍ക്ക് ചിഹ്നം അനുവദിച്ച് നല്‍കാമെങ്കില്‍ ബിഡിജെഎസിന് കൂപ്പുകൈ എന്തുകൊണ്ട് അനുവദിച്ചു കൂടാ. കൂപ്പുകൈയും കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. കൂപ്പുകൈ ചിഹ്നമായി അനുവദിക്കുന്നതിനെതിരേ കോണ്‍ഗ്രസ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്തിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിട്ടേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കു. ഇക്കാര്യത്തില്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. കമ്മീഷന്‍ ഹിയറിങ് നടത്തുമ്പോള്‍ അഭിപ്രായം അറിയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രധാനമന്ത്രി ശിവഗിരിയില്‍ പോകുന്നത് സന്യാസിമാരെ കാണാനല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ക്ഷണിച്ചില്ലെന്ന് സന്യാസിമാര്‍ പറഞ്ഞത് നിര്‍ഭാഗ്യകരമായി പോയി. സന്യാസിമാരോട് തങ്ങള്‍ക്ക് വിദ്വഷമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വാമിമാരെ കാണാനല്ല ശിവഗിരിയിലെ ആത്മീയ ചൈതന്യം അറിഞ്ഞാണ് പ്രധാനമന്ത്രി വരുന്നത്. കേരളത്തില്‍ വരുന്ന സ്ഥിതിക്ക് അവിടെ ചെല്ലാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് ഭക്തി കൊണ്ടാണ്. പ്രധാനമന്ത്രിയെ കുറ്റം പറയുന്നവര്‍ നേരത്തെ പലപ്പോഴും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരാണെന്നും ശിവഗിരിയില്‍ ക്ഷണിക്കാതെ തന്നെ ആര്‍ക്കും പോകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രധാനമന്ത്രിയേക്കാള്‍ വലിയവരെന്ന അഹങ്കാരമാണ് സന്യാസിമാര്‍ക്കുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മോദി ക്ഷണിക്കാതെയാണ് വരുന്നതെന്നും അദ്ദേഹത്തിന്റെ വരവിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it