kannur local

കൂത്തുപറമ്പ് സബ്ജയില്‍ നിര്‍മാണം ഫയലിലൊതുങ്ങി



കൂത്തുപറമ്പ്: ആറുമാസം കൊണ്ട് യാഥാര്‍ഥ്യമാവുമെന്നു പ്രഖ്യാപിച്ച കൂത്തുപറമ്പ് സബ് ജയിലിന്റെ നിര്‍മാണം തുടങ്ങിയതു പോലുമില്ല. എഡിജിപി സ്ഥലം സന്ദര്‍ശിക്കുകയും മന്ത്രിയടക്കം വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടും പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. കൂത്തുപറമ്പിലെ പഴയ പോലിസ് സ്‌റ്റേഷന്‍ കെട്ടിടമാണ് സബ് ജയിലാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് നിര്‍മിച്ച ഈ കെട്ടിടം നേരത്തെ താലൂക്ക് ജയിലായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷനായി പ്രവര്‍ത്തിച്ചത്. സിഐ ഓഫിസിന് സമീപം പുതിയ കെട്ടിടം നിര്‍മിച്ച് പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം അങ്ങോട്ടുമാറ്റിയതോടെ ഈ കെട്ടിടം അടച്ചിട്ടു. ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ  കുത്തുപറമ്പിലെത്തി കെട്ടിടം സന്ദര്‍ശിച്ചത്. മൂന്നുമാസം കൊണ്ട് പ്രവൃത്തി തുടങ്ങുമെന്നാണ് അന്ന് വെളിപ്പെടുത്തി. എന്നാല്‍ മാസം അഞ്ചു കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ജയില്‍ വകുപ്പിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ജയില്‍ വകുപ്പിന്റെ വികസനത്തിനായി സര്‍ക്കാര്‍ 13 കോടി രൂപ വകയിരുത്തുകയും ചെയ്തു. അതില്‍നിന്ന് കൂത്തുപറമ്പ് സബ് ജയിലിനായി തുക അനുവദിക്കണമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. കെട്ടിടത്തില്‍ കിണര്‍, അടുക്കള, ചുറ്റുമതില്‍ എന്നിവ നിര്‍മിക്കണം. ഫണ്ട് ലഭിച്ചാല്‍ മാത്രമേ നിര്‍മാണം തുടങ്ങാന്‍ സാധിക്കൂ.
Next Story

RELATED STORIES

Share it