kannur local

കൂത്തുപറമ്പ് ടൗണിലെ റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും

കൂത്തുപറമ്പ്: ജനങ്ങള്‍ക്ക് ദുരിതമായി മാറിയ കൂത്തുപറമ്പ് ടൗണിലെ റോഡ് നവീകരണം അടിയന്തരമായി പൂര്‍ത്തീയാക്കാന്‍ ട്രാഫിക് അവലോകന യോഗത്തില്‍ തീരുമാനം. കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവവും, ചെറിയ പെരുന്നാളും അടുത്തുവരുന്ന സാഹചര്യത്തിലാണ് നവീകരണം വേഗത്തിലാക്കുന്നത്. ഇതോടൊപ്പം നഗരത്തില്‍ ട്രാഫിക് പരിഷ്‌കരണവും നടപ്പാക്കും. റോഡ് നവീകരണം ടൗണില്‍ പ്രവേശിച്ചതോടെ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ട്രാഫിക് അവലോകന യോഗം ചേര്‍ന്നത്. വ്യാപാരികളും വാഹന ഉടമകളും നേരിടുന്ന പ്രയാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. കൊട്ടിയൂര്‍ ഉല്‍സവം ആരംഭിക്കുന്നതോടെ കൂത്തുപറമ്പ് ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണും. ഇതിനായി സമഗ്ര ട്രാഫിക് പരിഷ്‌കാരത്തിന് രൂപംനല്‍കി. നാദാപുരം, കുറ്റിയാടി ഭാഗങ്ങളില്‍നിന്ന് കൊട്ടിയൂരിലേക്ക് പോവുന്ന വാഹനങ്ങളെ പാറാട്, കുന്നോത്തുപറമ്പ്, ചെറുവാഞ്ചേരി, കണ്ണവം വഴി തിരിച്ചുവിടും. തലശ്ശേരി എഎസ്പിയുമായി ബന്ധപ്പെട്ടാണ് പരിഷ്‌കരണം  നടപ്പാക്കുക. അധ്യയനവര്‍ഷം ആരംഭിക്കുന്നതോടെ വിവിധ സ്‌കൂളുകളിലേക്ക് പോവുന്ന വാഹനങ്ങളെ കോട്ടയം അങ്ങാടി, പുറക്കളം, പഴയനിരത്ത് വഴി കുട്ടിക്കുന്നിലേക്ക് തിരിച്ചുവിടും. തീരുമാനം നടപ്പാക്കുന്നതിന് മുന്നോടിയായി പോലിസ് അധികൃതര്‍ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാരുടെ യോഗം വിളിക്കും. നിര്‍ദിഷ്ട ബസ്സ്റ്റാന്റില്‍നിന്ന് കണ്ണൂര്‍ റോഡിലേക്കുള്ള ബൈപാസ് റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും. പെരുന്നാളിനോടനു—ബന്ധിച്ച് മൂന്നുദിവസം ഗതാഗത നിയന്ത്രണത്തിന് അയവ് വരുത്താനും തീരുമാനമായി. നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ ധനഞ്ജയന്‍, വൈസ് ചെയര്‍പേഴ്‌സന്‍ എം പി മറിയംബീവി, പി സി പോക്കു, വി പി മൊയ്തു, എന്‍ ധനഞ്ജയന്‍, വി ബി അശ്‌റഫ്, എസ്‌ഐ കെ വി നിഷിത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it