kannur local

കൂത്തുപറമ്പില്‍ പോലിസിനെ ആക്രമിച്ചു

കുത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ പോലിസിന് നേരെയും യുഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം. പാറാല്‍ സൗത്ത് കൂത്തുപറമ്പ് യുപി സ്‌കൂളിലെ പോളിങ് ബൂത്തിന് സമീപത്ത് പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് 15ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.  കൂത്തുപറമ്പ് ജൂനിയര്‍ എസ്‌ഐ സംഗീതിനെയാണ് പാറാല്‍ സൗത്ത് കൂത്തുപറമ്പ് യുപി സ്‌കൂള്‍ ബൂത്തിന് സമീപം കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത്. ധര്‍മടം മണ്ഡലത്തിലെ കുന്നിരിക്കയില്‍ യുഡിഎഫ് ബൂത്ത് ഏജന്റായ കൃഷ്ണനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പരിക്കേല്‍പ്പിച്ചു.  മട്ടന്നൂര്‍ മണ്ഡലത്തിലെ കൈതേരിയിലും യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. കൈതേരി പാലത്തെ രമേശ് ബാബുവിനാണ് മര്‍ദ്ദനമേറ്റത്. സ്ലിപ്പ് വിതരണം ചെയ്യാനായി സ്ഥാപിച്ച ബൂത്ത് സിപിഎം സംഘം തകര്‍ത്തു.  ധര്‍മടം മണ്ഡലത്തിലെ കീഴത്തൂരില്‍ പോലിസിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമമഴിച്ചു വിട്ടു. പോലിസുകാരന് പരിക്കേറ്റു. കൂത്തുപറമ്പ് മണ്ഡലത്തിലെ സെന്‍ട്രല്‍ നരവൂര്‍ എല്‍പി സ്‌കൂള്‍ പോളിങ് സ്‌റ്റേഷന്‍ സമീപത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും പോലിസിനു നേരെ അക്രമമുണ്ടായി.  ബിജെപിയുടെ ബൂത്ത് ഏജന്റുമാരെ കൂട്ടി കൊണ്ടുപോവാനെത്തിയ ആര്‍എസ്എസ് താലൂക്ക് കാര്യ വാഹക് വി പി ഷാജിയെയാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഷാജി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികില്‍സയിലാണ്.  ഷാജിയെയും ബിജെപി പ്രവര്‍ത്തകരെയും രക്ഷപ്പെടുത്തി കൊണ്ടുപോവുന്നതിനിടയിലാണ് പോലിസിന് നേരെ ആക്രമണം നടന്നത്. പാനല്‍ സൗത്ത് കൂത്തുപറമ്പ് യുപി സ്‌കൂളിലെ യുഡിഎഫ് ഏജന്റിനും ജനതാദള്‍ യു പ്രവര്‍ത്തകനും വീട്ടില്‍ കയറി മര്‍ദ്ദനമേറ്റു. വിദ്യാര്‍ഥി ജനതാദള്‍ മണ്ഡലം സെക്രട്ടറിയും ബൂത്ത് ഏജന്റുമായ പൂക്കോട്ടെ എന്‍ അഖില്‍, യുവജനതാദള്‍(യു) പ്രവര്‍ത്തകന്‍ എന്‍ സതീശനുമാണ് മര്‍ദ്ദനമേറ്റത്. ബൂത്തിന് സമീപത്തെ ഗംഗാധരന്റെ വീട്ടില്‍ ഇരിക്കുകയായിരുന്ന ഇരുവരെയും ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it