kannur local

കൂത്തുപറമ്പില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൂത്തുപറമ്പ്: വിവാഹവീട്ടിനു സമീപം പ്രചാരണബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ കലാശിച്ചു. നാലു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ഒരു ബിജെപി പ്രവര്‍ത്തകനു പരിക്കേല്‍ക്കുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകരായ മാനന്തേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ സുരേഷ്ബാബു(45), കെ പുരുഷോത്തമന്‍(43) ടി കെ വിജേഷ്(42), കരുവാരത്ത് രമേശന്‍(47) എന്നിവര്‍ക്കാണു വെട്ടേറ്റത്.
ഇടതുകാല്‍ അറ്റുതൂങ്ങി ഗുരുതരനിലയിലായ സുരേഷ്ബാബുവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനാണു പരിക്കേറ്റത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി വണ്ണാത്തിമൂലയിലാണ് ഇന്നലെ അര്‍ധരാത്രി 12.30ഓടെ ആക്രമണം.
ഇവിടെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. വിഷുദിനത്തില്‍ സ്ഥാപിച്ച എല്‍ഡിഎഫ് ബോര്‍ഡ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തതായി കണ്ണവം പോലിസില്‍ നേരത്തേ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇതേച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. ഇതിനിടെയാണ് ആയുധങ്ങളുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ 15ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനപ്രകാരം വണ്ണാത്തിമൂല, മാനന്തേരി ഭാഗങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു. അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഉണ്ടാക്കിയ ധാരണ നിയമപാലനത്തിനു തടസ്സമാവരുതെന്നും സമാധാനം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരേ പോലിസ് നടപടിയെടുക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമിച്ചത് തിരഞ്ഞെടുപ്പ് രംഗം സംഘര്‍ഷഭരിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. സമാധാനം നിലനില്‍ക്കുന്ന സ്ഥലത്ത് പ്രകോപനമുണ്ടാക്കി അക്രമം നടത്തുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് അതിക്രമം നടത്തുകയാണ്. വയത്തൂരിലും ധര്‍മടം ബോട്ട്‌ജെട്ടിയിലും വീടാക്രമിച്ചു. ബൈക്ക് തടഞ്ഞ് ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ച് 3.20 ലക്ഷം രൂപ കവര്‍ന്ന സംഭവവുമുണ്ടായി. ചെറുവാഞ്ചേരിയില്‍ സിപിഎം ഓഫിസിനു നേരെയും അക്രമമുണ്ടായി. പോലിസ് കര്‍ശനനടപടി സ്വീകരിക്കാത്തത് മൂലമാണ് ആര്‍എസ്എസ് സംഘം കൊലവിളിയുമായി അഴിഞ്ഞാടുന്നതെന്നും പിണറായി ഫേസ്ബുക്കില്‍ പ്രതികരിച്ചു. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലിസും തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടണമെന്നു എല്‍ഡിഎഫ് മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it