malappuram local

കൂട്ട പിരിച്ചുവിടലിനെതിരേ രാപകല്‍ സമരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ സ്വാശ്രയസ്ഥാപനങ്ങളിലും മറ്റുമുള്ള അധ്യാപക, അധ്യാപകേതര കരാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരേ ഇന്നും നാളെയും രാപകല്‍ സമരം നടത്തുമെന്ന് സെല്‍ഫ് ഫിനാന്‍സ്ഡ് കോളജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സര്‍വകലാശാല നേരിട്ട് നടത്തുന്ന 41 ഓളം സ്ഥാപനങ്ങളിലെ 500 ഓളം കരാര്‍ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച് സെല്‍ഫ് ഫിനാന്‍സ് കോളജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 8ന് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. അന്ന് പിവിസിയുമായി നടത്തിയ ചര്‍ച്ചയില്‍ സെല്‍ഫ് ഫിനാന്‍സ് ജീവനക്കാര്‍ക്ക് ബാധകമല്ലെന്നും ഇവരെ പിരിച്ചുവിടില്ലെന്നും ഉത്തരവില്‍ വ്യക്തത വരുത്തികൊണ്ട് പിവിസി രേഖാമൂലം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും ജീവനക്കാരുടെ കാലാവധി മാര്‍ച്ച് 31വരെയാണ് പുതുക്കി നല്‍കിയിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകളിലേയും ഗ്രാന്റ് ഇന്‍-എയ്ഡഡ് സ്ഥാപനങ്ങളിലേയും കരാര്‍-ദിവസ വേതനക്കാര്‍ക്ക് മാത്രമാണ് മാര്‍ച്ച് 31ന് പിരിച്ചുവിടല്‍ ബാധകമാക്കിയിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സെല്‍ഫ് ഫിനാന്‍സ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ബാധകമല്ലെന്നിരിക്കെ തൊഴിലാളി ദ്രോഹ നടപടിക്കാണ് സര്‍വകലാശാല അധികൃതരുടെ ശ്രമം. വേണ്ടിവന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ അസീസ്, മുഹമ്മദ്‌റിഷാദ്, വി സ്റ്റാലിന്‍, രജദീഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it