kannur local

കൂട്ടുപുഴ പാലം നിര്‍മാണം കര്‍ണാടക തടഞ്ഞു

ഇരിട്ടി: അതിര്‍ത്തിയില്‍ വീണ്ടും കര്‍ണാടകയുടെ കൈയേറ്റശ്രമം.മാക്കൂട്ടത്ത് പുതിയ സര്‍വേക്കല്ല് സ്ഥാപിച്ച് കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം തടഞ്ഞുകൊണ്ട് കര്‍ണാടക വനം വകുപ്പ് കെഎസ്ടിപിക്ക് കത്തു നല്‍കി. പാലത്തിന്റെ മറുകര കര്‍ണാടകത്തിന്റെ വനഭൂമിയാണെന്ന വാദമുയര്‍ത്തിയാണ് മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കത്തു കൈമാറിയത്. രണ്ടുദിവസം മുമ്പ് പാലം പദ്ധതിപ്രദേശത്തെത്തിയ കര്‍ണാടക വനംവകുപ്പ് അധികൃതര്‍, വന്യജീവി സങ്കേതത്തിന്റെ അധീനതയിലുള്ള മൂന്ന് മീറ്ററോളം സ്ഥലം കൈയേറിയാണ് നിര്‍മാണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കത്തു നല്‍കിയത്. ഇതോടെ ഈ ഭാഗത്തെ നിര്‍മാണം നിര്‍ത്തിവച്ചു. മൂന്നുവര്‍ഷം മുമ്പ് ബാരാപോള്‍ പുഴയോട് ചേര്‍ന്ന റവന്യൂ ഭൂമി കൈയേറി കര്‍ണാടക വനം വകുപ്പ് ജണ്ട സ്ഥാപിച്ചിരുന്നു. സംസ്ഥാന പുനസ്സംഘടനാ വേളയില്‍ ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച് അതിര്‍ത്തിയില്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ പിഴുതുമാറ്റിയായിരുന്നു കൈയേറ്റം. കോഴിക്കോട് സര്‍വേ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ രണ്ടുമീറ്റര്‍ മുതല്‍ ആറുമീറ്റര്‍ വരെ കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് കൂട്ടുപുഴയില്‍ പുതിയ പാലം പണിയുന്നത്. 1928ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലം വീതികുറവും അപകടഭീഷണിയിലുമാണ്. പഴയ പാലത്തിന്റെ മറുകരയും കര്‍ണാടക വനമേഖലയോട് ചേര്‍ന്ന ഭാഗത്താണ് അവസാനിക്കുന്നത്. അന്തര്‍സംസ്ഥാന പാതയെന്ന നിലയില്‍ കര്‍ണാടകയുടെ വാദം ബാലിശമാണ്. താലൂക്ക് സര്‍വേയര്‍ അതിര്‍ത്തി നിര്‍ണയിച്ച സ്ഥലത്താണ് നിര്‍മാണം നടത്തുന്നതെന്ന് കെഎസ്്ടിപി അധികൃതര്‍ പറഞ്ഞു. പാലത്തിന്റെ മറുകര അവസാനിക്കുന്നത്് കര്‍ണാടകയുടെ ഭാഗത്താണ്. ഇത് കൈയേറ്റമല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, കര്‍ണാടകയുടെ അധീനതയിലുള്ള ഭൂമിയില്‍ നിര്‍മാണം നടത്തുമ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ലെന്ന് മാക്കൂട്ടം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശിവകുമാര്‍ ആരോപിച്ചു. വന്യജീവി സങ്കേത ഭാഗത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 90 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമുള്ള പാലത്തിന്റെ ഇരുകരയിലുമുള്ള രണ്ടു തൂണുകള്‍ ഉള്‍പ്പെടെ ആറുതൂണുകള്‍ സ്ഥാപിക്കണം. കര്‍ണാടക വനം വകുപ്പ് രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച പുതിയ സര്‍വേക്കല്ലിനോട് ചേര്‍ന്നാണ് ഇവയുടെ നിര്‍മാണം നടത്തേണ്ടത്. അതിര്‍ത്തി തര്‍ക്കമായതിനാല്‍ ഉന്നതതല ഇടപെടലിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവൂ.
Next Story

RELATED STORIES

Share it