kannur local

കൂട്ടുപുഴയില്‍ കര്‍ണാടക വനം-റവന്യൂ വകുപ്പ് സര്‍വേ

സാദിഖ് ഉളിയില്‍

ഇരിട്ടി: അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മാണം തടഞ്ഞതിനെ തുടര്‍ന്നുള്ള പ്രതിസന്ധി നീളുന്നതിനിടെ കര്‍ണാടക വനം-റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ ദുരൂഹത. ഇന്നലെ രാവിലെ 10ഓടെയാണ് വനം-റവന്യൂ വകുപ്പുകളുടെ ഉന്നതതല സംഘം കൂട്ടുപുഴയിലെ പാലം നിര്‍മാണ മേഖലയില്‍ സര്‍വേക്ക് എത്തിയത്.
നിരവധി ഫയലുകളും സ്ഥലത്തിന്റെ വലിയ സ്‌കെച്ചുമായെത്തിയ പത്തോളം വരുന്ന സംഘം പാലത്തിന്റെ കേരള ഭാഗത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോയെടുത്തു. ഈസമയം അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ട സംഘം ആരാണ്, എന്താണ് എന്ന് ചോദിച്ചപ്പോഴേക്കും ചിത്രമെടുക്കുന്നത് വിലക്കി. ഉടന്‍ സംഘത്തലവന്‍ വാഹനത്തില്‍ കയറി. കൂട്ടുപുഴ പഴയ പാലത്തിന് സമീപം കുറച്ചുസമയം സംസാരിച്ച് നിന്നശേഷം സംഘം മടങ്ങുകയായിരുന്നു. സര്‍വേയ്‌ക്കെത്തിയതാണെന്നു പറഞ്ഞ സംഘത്തലവന്‍ മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങളോടൊന്നും പ്രതികരിച്ചില്ല. പാലം നിര്‍മാണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി തലത്തിലും റവന്യൂ സെക്രട്ടറി തലത്തിലും കഴിഞ്ഞ ദിവസം ഇടപെടലുകള്‍ നടത്തിയിരുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം പൂര്‍ണമായും തങ്ങളുടേതാണെന്നാണ് കര്‍ണാടക വനം വകുപ്പിന്റെ അവകാശവാദം. എന്നാല്‍ പാലത്തിന്റെ മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം കേരളത്തിന്റെ റവന്യൂ ഭൂമിയാണെന്നാണ് അവകാശപ്പെടുന്നത്. ഇതിനുള്ള രേഖകളും കൈയിലുണ്ടെന്ന് റവന്യൂസംഘം പറയുന്നു. എന്നാല്‍ കൂട്ടുപുഴ പുഴ വരെയുള്ള ഭാഗം തങ്ങളുടേതാണെന്ന് അവകാശപ്പെടുമ്പോഴും ഇതിനുള്ള രേഖകള്‍ കണിക്കാന്‍ കര്‍ണാടകത്തിന് സാധിക്കുന്നില്ല. സംസ്ഥാന പുനസ്സംഘടനാ സമയത്ത് ഇരുസംസ്ഥാനങ്ങളും സംയുക്തമായി നിര്‍ണയിച്ച അതിര്‍ത്തിരേഖയാണ് റവന്യൂ സംഘത്തിന്റെ പക്കലുള്ളത്.
എന്നാല്‍ ബ്രിട്ടിഷ് ഭരണകാലത്ത് ബ്രഹ്്മഗിരി വന്യജീവി സങ്കേതം പ്രഖ്യാപിച്ചപ്പോള്‍ അതിര്‍ത്തിയായി കണക്കാക്കിയത് കൂട്ടുപുഴ പുഴ വരെയുള്ള ഭാഗമായിരുന്നു. ഇതാണ് ആധികാരിക രേഖയായി കര്‍ണാടക ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനു നിയമസാധുത ഇല്ലെന്നിരിക്കെ കര്‍ണാടക നടത്തിയ പുതിയ സര്‍വേയില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കൂട്ടുപുഴ പുതിയ പാലത്തിന്റെ കേരള ഭാഗത്തിന്റെ നിര്‍മാണം അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാവും. പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയില്ലെങ്കില്‍ കാലവര്‍ഷത്തിനു മുമ്പ് ബാക്കി ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ല.
Next Story

RELATED STORIES

Share it