thiruvananthapuram local

കൂട്ടുകാരിയെ സഹായിച്ച് കിടപ്പാടം നഷ്ടപ്പെട്ടു; കമ്മീഷന്റെ തുണ തേടി വീട്ടമ്മ

തിരുവനന്തപുരം: കൂട്ടുകാരിക്ക് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന് കിടപ്പാടം നഷ്ടപ്പെട്ട വീട്ടമ്മക്ക് ഇനി തുണ വനിതാ കമ്മീഷന്‍. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഭര്‍ത്താവിനെയും കുട്ടികളെയും വാടക വീട്ടിലാക്കി കമ്മീഷന്റെ അദാലത്തില്‍ പരാതിയുമായെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് തളര്‍ന്നു വീണ് കിടപ്പിലായി. 13 സെന്റ് സ്ഥലവും വീടുമാണ് ജാമ്യക്കാരിക്ക് നഷ്ടമായത്. കൂട്ടുകാരി നല്‍കിയ അഞ്ച് ലക്ഷത്തിന്റെ ചെക്ക് യഥാസമയം ബാങ്കില്‍ പോലും ഹാജരാക്കാനാവാതെ വഞ്ചിതയായ വീട്ടമ്മക്കൊപ്പം കബളിപ്പിക്കപ്പെട്ട മറ്റ് ചിലരും എത്തി. എതിര്‍കക്ഷി ഇന്നലെ ഹാജരായില്ല. അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കുമ്പോള്‍ എതിര്‍കക്ഷിയെ ഹാജരാക്കാന്‍ പോലിസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
തൈക്കാട് റസ്റ്റ് ഹൗസില്‍ ഇന്നലെ നടന്ന അദാലത്തില്‍ 150 പരാതികളാണ് പരിഗണിച്ചത്. ചെയര്‍പെഴ്‌സണ്‍ എംസി ജോസഫൈന്‍, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 51 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളതും കക്ഷികള്‍ ഹാജരാവാത്തതുമായ 83 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. നാല് കേസുകളില്‍ ദമ്പതികള്‍ക്ക് കൗണ്‍സലിങ് നല്‍കും. 12 കേസുകളില്‍ പോലിസിന്റെ റിപോര്‍ട്ട് തേടാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തോളം ഒരുമിച്ച് താമസിച്ച ശേഷം കടന്നുകളഞ്ഞ മലപ്പുറം ജില്ലക്കാരനെതിരേ പരാതിയുമായി എത്തിയ അങ്കണവാടി ടീച്ചര്‍ക്ക് സ്വന്തം സര്‍ട്ടിഫിക്കറ്റുകളും ഐഡന്റിറ്റി കാര്‍ഡുകളും നഷ്ടമായിരുന്നു. പുതിയ വിവാഹത്തിന് ശ്രമിക്കുന്ന യുവാവിനെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സഹകരണ സംഘം സെക്രട്ടറിയും ജീവനക്കാരനും തമ്മിലുള്ള കേസില്‍ ഇരുകക്ഷികള്‍ക്കും താക്കീത് നല്‍കി വിട്ടയച്ചു. എട്ടു വര്‍ഷമായി ജീവിതം ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചു പോരുന്ന രക്തബന്ധുക്കളുടെ പരാതി വേറിട്ടതായി. ഒരുമിച്ച് താമസിക്കാന്‍ യുവതി വിട്ടുവീഴ്ചക്ക് തയ്യാറാണെങ്കിലും യുവാവ് തയ്യാറല്ല. ഇഷ്ടപ്പെടാതെ വീട്ടുകാര്‍ നടത്തിയ വിവാഹത്തോടുള്ള യുവാവിന്റെ വൈരാഗ്യം ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തതായി കമ്മീഷന്‍ കണ്ടെത്തി. രക്ഷിതാക്കളെ ഉള്‍പ്പെടെ വിളിച്ചു വരുത്തി വീണ്ടും പ്രശ്‌നം പരിഗണിക്കും. 80 കഴിഞ്ഞ മാതാവിനെ സംരക്ഷിക്കേണ്ട ചുമതലയെച്ചൊല്ലി തര്‍ക്കിച്ച മക്കളുടെ പരാതിയും കമ്മീഷന് മുന്നിലെത്തി. ഊഴം വച്ച് കൊണ്ടുപോകാനുള്ള ആരോഗ്യം അമ്മക്ക് ഇല്ലാത്തതിനാല്‍ ഇളയ മകന്‍ അവരെ സംരക്ഷിക്കണം. മറ്റ് രണ്ടു മക്കളും അവിടെയെത്തി മാതാവിനെ പരിചരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, പോലിസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ അദാലത്തില്‍ പങ്കെടുത്തു. അദാലത്ത് ഇന്നും തുടരും.
Next Story

RELATED STORIES

Share it