കൂട്ടുകാരന്റെ മൃതദേഹം കൈവിടാതെ അവര്‍ നീന്തിയെത്തി

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കഴിഞ്ഞ വെള്ളിയാഴ്ച ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മൂന്നുദിവസത്തോളം കടലില്‍ പലകയിലും ബോട്ടിന്റെ അവശിഷ്ടങ്ങളിലും പിടിച്ച് നീന്തിരക്ഷപ്പെട്ട തമിഴ്‌നാട്ടുകാരായ എട്ട് മല്‍സ്യത്തൊഴിലാളികള്‍ കല്‍പേനി ദ്വീപില്‍ സഹായമഭ്യര്‍ഥിച്ചെത്തി. സബിന്‍ എന്ന മരിച്ച കൂട്ടുകാരന്റെ മൃതദേഹം തിരമാലകള്‍ക്കും കടല്‍ജീവികള്‍ക്കും വിട്ടുകൊടുക്കാതെ നീന്തിയെത്തിയ തൊഴിലാളികളുടെ ദാരുണമായ അവസ്ഥ പറഞ്ഞറിയിക്കാനാവാത്തതായിരുന്നെന്ന് കല്‍പേനി സ്വദേശിയും തൊഴിലാളികളെ ആശുപത്രിയിലെത്തിക്കുന്നതില്‍ പങ്കാളിത്തം വഹിച്ചയാളുമായ സലാം പ്രതികരിച്ചു. കല്‍പേനിയിലും കവരത്തിയിലുമാണ് ഓഖി നാശനഷ്ടങ്ങള്‍ വിതച്ചത്. കോണ്‍ക്രീറ്റില്‍ പണിതീര്‍ത്ത 20ലധികം വീടുകള്‍ കാറ്റില്‍ തകര്‍ന്നതായി കല്‍പേനി ദ്വീപുകാര്‍ പ്രതികരിച്ചു. കല്‍പേനി ദ്വീപിനടുത്തുള്ള പിട്ടി എന്ന ചെറിയ ദ്വീപില്‍ സിഗ്്‌നല്‍ കണ്ടതിനെ തുടര്‍ന്നാണ് കല്‍പേനിക്കാര്‍ ഈ ദ്വീപിലെത്തിയത്. തുടര്‍ന്ന് അവശരായ എട്ട് മല്‍സ്യത്തൊഴിലാളികളെയും കല്‍പേനിയിലെ ഹെല്‍ത്ത് സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂട്ടുകാരന്റെ മൃതദേഹം ഹെലികോപ്റ്ററില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം കൊച്ചിയിലേക്ക് അയച്ചു. ആന്ത്രോത്ത്, കടമത്ത് എന്നീ ദ്വീപുകളില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീണ് നാശനഷ്ടമുണ്ടായതായി ആന്ത്രോത്തില്‍ നിന്ന് എച്ച് കെ റഫീഖ്, കടമത്തില്‍ നിന്ന് സെയ്താലി എന്നിവര്‍ പ്രതികരിച്ചു. മിനിക്കോയ് ദ്വീപില്‍ ഓടും ഷീറ്റുമിട്ട മുഴുവന്‍ വീടുകളും തകര്‍ന്നതായി അവിടെ നിന്നുള്ള ഹബീബ പറഞ്ഞു. ഭയാനകമായ കാറ്റിനെ തുടര്‍ന്ന് എല്ലാം തകരുകയാണെന്നു കരുതിയതായി വിവിധ ദ്വീപുകളില്‍ നിന്നുള്ളവര്‍ പ്രതികരിച്ചു. ഈ വരുന്ന 14ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കുന്നതിനിടയിലാണ് കാറ്റ് നാശം വിതച്ചത്. കഴിഞ്ഞ ദിവസം മുതല്‍ കാറ്റിന് ശമനമുണ്ടായിട്ടുണ്ട്. നാശനഷ്ടമുണ്ടായ ദ്വീപുകളില്‍ സബ്ഡിവിഷനല്‍ ഓഫിസര്‍മാരുടെ നിയന്ത്രണത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. കല്‍പേനി ദ്വീപില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it