കൂട്ടുകക്ഷി ഭരണം വെല്ലുവിളി: കുമാരസ്വാമി

ബംഗളൂരു/ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അടുത്ത അഞ്ചു വര്‍ഷക്കാലം കൊണ്ടുപോവുക എന്നതു വലിയ വെല്ലുവിളിയാണെന്നു നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റാനാവുമെന്നു പ്രതീക്ഷിക്കുന്നില്ല. ദൈവകൃപയില്‍ എല്ലാം സുഗമമാവുമെന്നാണു വിശ്വാസം. ഈ സര്‍ക്കാര്‍ സുഗമമായി പ്രവര്‍ത്തിക്കുമോ എന്ന സംശയം തനിക്കു മാത്രമല്ല, ജനങ്ങള്‍ക്കുമുണ്ട്- അദ്ദേഹം പറഞ്ഞു.
കുമാരസ്വാമി ഇന്നലെ ശങ്കരാചാര്യര്‍ സ്ഥാപിച്ച ശൃംഗേരി ശാരദ ക്ഷേത്രവും ദക്ഷിണാ—യന പീഠവും സന്ദര്‍ശിച്ചു. ഇന്നാണു കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭ അധികാരമേല്‍ക്കുന്നത്.
അതേസമയം കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ നല്‍കിയ ഹരജിയില്‍ നേരത്തെ വാദംകേള്‍ക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്‌റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹരജി ഫയല്‍ ചെയ്തത്. ഇന്ന് വിധാന്‍സൗധയില്‍ വച്ചാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് .
സത്യപ്രതിജ്ഞ ബിജെപിക്കെതിരായ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളെ ഒന്നിച്ചുനിര്‍ത്തുന്നതിന്റെ ആദ്യ ചുവടുവയ്പായാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങിനെത്തിയേക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it