Flash News

കൂട്ടായിയുടെ അഭിമാനമായി മുഹമ്മദ് കാസിമിന്റെ സംഘം

തിരൂര്‍: എസ്ഡിപിഐ താനൂര്‍ ആര്‍ജി ടീമില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൂട്ടായി അരയന്‍കടപ്പുറം സ്വദേശി കുറിയന്റെ പുരക്കല്‍ മുഹമ്മദ് കാസിം നാടിന് അഭിമാനമാവുന്നു. നാലു ദിവസം കൊടുങ്ങല്ലൂര്‍, വടക്കന്‍ പറവൂര്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇദ്ദേഹവും സംഘവും രക്ഷപ്പെടുത്തിയത് 2000 പേരെ. ആരും കടന്നുചെല്ലാതിരുന്ന കെട്ടിടങ്ങളിലെയും വീടുകളിലെയും കുടുംബങ്ങളെയാണ് പ്രധാനമായും രക്ഷപ്പെടുത്തിയത്. കെട്ടിടങ്ങളുടെ രണ്ടാംനിലയിലും മൂന്നാംനിലയിലുമെല്ലാം കുടുങ്ങി ആരും എത്തിനോക്കാത്തവരായിരുന്നു ഇവരിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
രാവും പകലും നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് തളര്‍ന്ന കാസിം ഉള്‍പ്പെടെയുള്ളവര്‍ക്ക് ചികില്‍സതേടേണ്ടിവന്നു. കാസിം മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്നലെ സ്വന്തം നാടായ കൂട്ടായിയില്‍ മല്‍സ്യഫെഡും ഫിഷറീസ് വകുപ്പും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യത്തൊഴിലാളികളെ ആദരിക്കുന്ന പരിപാടിയില്‍ കാസിമിനെയും സഹപ്രവര്‍ത്തകരായ ആലിങ്ങല്‍ ചെറിയ ബാവ, ഇങ്കപന്റെ പുരക്കല്‍ സൈനുദ്ദീന്‍, അവുളാക്കാന്റെ പുരക്കല്‍ ഉമ്മര്‍, മൗലാക്കാന്റെ പുരക്കല്‍ മനാഫ് എന്നിവരെയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ ആദരിച്ചു. നാട്ടിലെ റഹ്മത്ത് പള്ളി മഹല്ല് പൗരസമിതി ഒരുക്കിയ സ്വീകരണത്തില്‍ കാസിമിനെ തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ ഷാളണിയിച്ച് ആദരിച്ചു. താനൂരില്‍ വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐ ആര്‍ജി ടീം അംഗങ്ങളെ ആദരിച്ചു.
പ്രളയവിവരം അറിഞ്ഞ രാത്രിതന്നെ കാസിമും മറ്റുള്ളവരും ഫൈബര്‍ വള്ളങ്ങളില്‍ കൊടുങ്ങല്ലൂരിലേക്കും നോര്‍ത്ത് പറവൂരിലേക്കും തിരിക്കുകയായിരുന്നു.
കാസിം ഉള്‍പ്പെടെയുള്ളവരെ തുറന്ന വാഹനത്തിലാണ് നാട്ടുകാര്‍ സ്വീകരിച്ചത്. നിര്‍ധന കുടുംബത്തിലെ അംഗമായ കാസിം, ഭാര്യയെയും മക്കളെയും വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഭാര്യവീട്ടിലേക്ക് മാറ്റിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടത്.

Next Story

RELATED STORIES

Share it