kozhikode local

കൂട്ടത്തോടെ ഡിസ്ചാര്‍ജ്: രോഗികളില്ലാതെ മെഡിക്കല്‍ കോളജ് ഒപി

കോഴിക്കോട്: നിപാ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ വാര്‍ഡുകളില്‍ നിന്നും രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 500 ലധികം രോഗികളെയാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ദിവസേന 1500ലധികം രോഗികള്‍ എത്താറുണ്ടായിരുന്ന ഒപിയില്‍ രണ്ടു ദിവസമായി 200 ല്‍ താഴെയാണ്. സൂപ്പര്‍സ്‌പെഷ്യാലിറ്റിയില്‍ മാത്രമാണ് രോഗികള്‍ ഇപ്പോള്‍ എത്തുന്നത്.
സര്‍ജറിക്കു തിയ്യതി നല്‍കിയ രോഗികളോട് പിന്നീട് വരാനാണ് അറിയിച്ചിരിക്കുന്നത്. അടിയന്തരസര്‍ജറി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. നിന്നു തിരിയാന്‍ ഇടമില്ലാത്ത മെഡിക്കല്‍കോളജ് ഒപിയില്‍ ഇപ്പോള്‍ ആരുമില്ലാത്ത അവസ്ഥയാണ്. അത്യാഹിത വിഭാഗത്തില്‍ അത്യാസന്ന നിലയിലുള്ള രോഗികള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
സാധാരണയായി വൈകുന്നേരങ്ങളില്‍ രോഗികളെയുമായെത്തുന്നവരുടേയും സന്ദര്‍ശകരെയും നിയന്ത്രിക്കാന്‍ പാടുപെടുന്ന സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രി കവാടത്തില്‍ വെറുതെയിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് നിര്‍മിതമായ ഗൗണ്‍ ധരിച്ചാണ് പരിശോധന നടത്തുന്നത്.
മെഡിക്കല്‍ കോളജില്‍ എത്തുന്നവരും രോഗികളും കൂട്ടിരിപ്പുകാരും മുഴുവന്‍ സമയവും മാസ്‌ക് ധരിച്ചാണുള്ളത്. എന്നാല്‍ മെഡിക്കല്‍ കോളജിനു സമീപമുള്ള മെഡിക്കല്‍ ഷോപ്പില്‍ മാസ്‌ക് വില്‍പന തകൃതിയായി നടക്കുന്നു.
അഞ്ചു രൂപ വിലയുള്ള മാസ്‌കിന് 10 രൂപ വരെ വാങ്ങിക്കുന്നതായും ആരോപണമുണ്ട്. ആശുപത്രി പരിസരത്ത് ഉപയോഗിച്ച മാസ്‌ക് വലിച്ചെറിഞ്ഞു ചിതറി കിടക്കുകയാണ്. ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍, തലയണയും പുല്‍പ്പായയും വാര്‍ഡുകളില്‍ ഉപേക്ഷിച്ചുപോവുകയാണ്.
Next Story

RELATED STORIES

Share it