കൂട്ടക്കൊലകളും വര്‍ഗീയതയും

ക്രിസ് ഹെജസ്
ഗസാചീന്തില്‍ ഇസ്രായേലി ഉപരോധം തീര്‍ത്ത കെണിയില്‍പ്പെട്ടു നരകിക്കുന്ന ഫലസ്തീന്‍കാരില്‍ ചിലരെ ഇസ്രായേല്‍ ഈയിടെ കൂട്ടക്കൊല നടത്തിയപ്പോള്‍ യുഎസില്‍ അത് ഒരുതരം രോഷപ്രകടനത്തിനും വഴിവച്ചില്ല. മുസ്‌ലിംകളെ അമാനവീകരിക്കുന്ന പ്രക്രിയ തന്നെയാണു കാരണം. വിദേശാധിപത്യത്തിനെതിരായി പോരാടുന്ന അഫ്ഗാനിസ്താന്‍, ഇറാഖ്, ഫലസ്തീന്‍ എന്നിവിടങ്ങളിലൊക്കെ മുസ്‌ലിംകളാണ് വസിക്കുന്നത്. അവരെ അപരിഷ്‌കൃതരും ഭീകരരുമായി ചിത്രീകരിച്ചാലേ അവര്‍ നടത്തുന്ന സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ പറ്റൂ. അതിനാല്‍, മുസ്‌ലിംകള്‍ അവരുടെ മതം കാരണം അക്രമവാഞ്ഛയുള്ളവരാണെന്ന പ്രചാരണം നടക്കുന്നു. നമ്മില്‍ നിന്നു വ്യത്യസ്തരായതുകൊണ്ടാണ് നാം അവരെ ആക്രമിക്കുന്നത്. സ്വയംരക്ഷയ്ക്കായി നമുക്കവരെ നശിപ്പിച്ചേ മതിയാവൂ. എന്നാല്‍, അത്തരമൊരു നയത്തിലൂടെ നാം തന്നെയാണ് അക്രമത്തിനും ഭീകരതയ്ക്കും ജന്മംനല്‍കുന്നത്.
മുസ്‌ലിംകളാവുമ്പോള്‍ നിയമപ്രക്രിയയൊന്നും വേണ്ടതില്ലെന്നാണ് നാം കരുതുന്നത്. ആബിദ് നാസര്‍, ഹാറൂണ്‍ ഔസത്ത് എന്നീ രണ്ടു ബ്രിട്ടിഷ് പൗരന്‍മാരെ ഈയിടെ ബ്രിട്ടന്‍ അമേരിക്കയ്ക്കു കൈമാറിയത് ചട്ടങ്ങളൊന്നും പാലിക്കാതെയാണ്. ഇനിയവര്‍ക്കു വിചാരണത്തടവുകാരായി അമേരിക്കന്‍ ജയിലില്‍ ജീവിതം കഴിക്കാം; സുരക്ഷാ കാരണങ്ങളാല്‍ അവരുടെ വിചാരണ രഹസ്യമായിരിക്കും; അവര്‍ക്കെതിരേയുള്ള തെളിവുകളും രഹസ്യമായിരിക്കും. അത്തരക്കാരെ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പൊക്കിക്കൊണ്ടുവരാം. മിക്കപ്പോഴും മയക്കുമരുന്നു നല്‍കി ബോധം കെടുത്തിയാണവരെ യുഎസിലേക്കു കൊണ്ടുവരുക. അവരില്‍ നിന്നു 'രഹസ്യം ചോര്‍ത്താന്‍' പലതരം പീഡനമുറകളുണ്ട് (ഗുദത്തിലൂടെ വെള്ളം കയറ്റുന്നതടക്കമുള്ള തന്ത്രങ്ങള്‍ സിഐഎ പ്രയോഗിക്കുന്നതിനെപ്പറ്റിയുള്ള റിപോര്‍ട്ട് ഈയിടെ പുറത്തുവന്നിരുന്നു- വിവ). തല വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിക്കുന്നതും ആഴ്ചകളോളം ഉറങ്ങാന്‍ അനുവദിക്കാതിരിക്കുന്നതും പതിവാണ്. യുഎസ് പൗരന്‍മാരാണെങ്കിലും അവരുടെ പൗരത്വം റദ്ദാക്കും. മുസ്‌ലിം ദേവാലയങ്ങള്‍ നിരീക്ഷണത്തില്‍ വയ്ക്കും. ഇംഗ്ലീഷ് നോവലിസ്റ്റ് ജോസഫ് കോണ്‍റാഡിന്റെ കഥാപാത്രമായ കുര്‍ട്‌സിനെപ്പോലെ, ഭ്രാന്തുപിടിച്ച പീഡനവിദഗ്ധരുടെ മുമ്പിലാണ് മുസ്‌ലിംകള്‍ ഹാജരാക്കപ്പെടുക.
അഫ്ഗാനിസ്താനും ഇറാഖും കീഴടക്കിയതിലൂടെ നാം ലക്ഷക്കണക്കിനു മുസ്‌ലിംകളെയാണ് കൊന്നൊടുക്കിയത്. സിറിയ, ലിബിയ എന്നീ രണ്ടു രാഷ്ട്രങ്ങള്‍ പൂര്‍ണമായി ശിഥിലമാക്കപ്പെട്ടു. അഭയാര്‍ഥികള്‍ ദശലക്ഷക്കണക്കിന് വരും. യൂറോപ്പിലെത്തുമ്പോള്‍ അവര്‍ക്കു നേരെ വാതില്‍ കൊട്ടിയടയ്ക്കും. രോഗം പരത്തുന്നവര്‍, ബലാല്‍സംഗം നടത്തുന്നവര്‍, ബോംബ് വയ്ക്കുന്നവര്‍, കാടന്‍മാര്‍ എന്നീ വിശേഷണങ്ങളാണ് അവര്‍ക്കു നല്‍കുക. അതിനിടയില്‍ ഇസ്‌ലാം ചെറുതായി ചെറുതായി ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന ഒരാഹ്വാനം മാത്രമായി മാറി. ഇസ്‌ലാമിനെ അവര്‍ ഫ്രാന്‍സ് ഫനോന്‍ പറഞ്ഞപോലെ, ദുഷ്ടതയുടെ സത്തയാക്കി മാറ്റുന്നു. യുഎസ് ജയിലില്‍ കിടക്കുന്ന സയ്യിദ് ത്വല്‍ഹാ അഹ്‌സന്‍ എന്ന ബ്രിട്ടിഷ് കവിയുടെ വരികളില്‍ എല്ലാമുണ്ട്:
''കൊല്ലാന്‍
കണ്ണാടിയില്‍ നിന്നു
പ്രതിബിംബം തുടച്ചുകളയാന്‍
മറികടക്കാന്‍
വായ പൊളിച്ചുനില്‍ക്കുന്ന
വെറുമൊരു ഗര്‍ത്തമാക്കാന്‍.''
അങ്ങനെ പിശാചുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ നേരിടാന്‍ ഇസ്രായേലിപ്പോള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. മധ്യപൗരസ്ത്യത്തില്‍ ഇപ്പോള്‍ മനുഷ്യാവകാശങ്ങളോ സമാധാന പ്രക്രിയയോ ഇല്ല. നിരായുധരായ ഫലസ്തീന്‍കാര്‍ക്കു നേരെ പ്രകോപനമൊന്നുമില്ലെങ്കിലും ഇസ്രായേലി സൈനികനു നിറയൊഴിക്കാം; കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വെടിവച്ചിടാം. ഒരൊറ്റ ദിവസം ഒമ്പതു പേരാണ് ഗസയില്‍ വെടിയേറ്റു മരിച്ചത്.
ഒരു പരിഷ്‌കൃത ലോകത്താണെങ്കില്‍ ഇസ്രായേലിന്റെ ഇത്തരമൊരു നടപടിക്കെതിരേ വലിയ പ്രതിഷേധമുയരും; ഉപരോധമുണ്ടാവും. പക്ഷേ, നാം ഒരു പരിഷ്‌കൃതലോകത്തല്ല ജീവിക്കുന്നത്. കൊലകളും വംശീയതയുമാണ് ഇന്നു രാഷ്ട്രങ്ങളുടെ നയങ്ങള്‍ക്കു രൂപം നല്‍കുന്നത്. മര്‍ദിതര്‍ അമാനവീകരിക്കപ്പെടുന്നു. ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരാണവര്‍. ഏകാധിപതികളും കവലപ്രസംഗകരും തങ്ങള്‍ ഉണ്ടാക്കുന്ന ചോരപ്പുഴയില്‍ നീന്തിത്തുടിക്കുന്നു.
ഡോണള്‍ഡ് ട്രംപിനെയും ബെഞ്ചമിന്‍ നെതന്യാഹുവിനെയും നമുക്ക് വംശീയ സ്വേച്ഛാധിപത്യത്തിന്റെ പ്രതീകങ്ങളായി കണക്കാക്കാം. സ്വന്തം നാടുകളിലും മധ്യപൗരസ്ത്യത്തിലുമുള്ള സാമൂഹികവും രാഷ്ട്രീയവുമായ ശിഥിലീകരണത്തിന്റെ കാരണക്കാരായ അവര്‍ മര്‍ദിതരുടെ ശത്രുക്കളാണ്. അന്ത്യദിനത്തിനു തൊട്ടുമുമ്പുള്ള ഭീകരസംഭവങ്ങളെക്കുറിച്ച് പണ്ടെങ്ങോ ഉണ്ടായ മുസ്‌ലിം രചനകള്‍ വായിച്ചു മദിക്കുന്ന അക്കാദമിക പണ്ഡിതന്‍മാര്‍ ഈ സംഭവത്തെ കൊഴുപ്പിക്കുന്നു. 24 മണിക്കൂര്‍ വിനോദം, ഇല്ലാത്ത അമേരിക്കന്‍ മൂല്യങ്ങളെക്കുറിച്ച പ്രകീര്‍ത്തനം എന്നീ രണ്ടു കാര്യങ്ങളില്‍ മുഴുകുന്ന മാധ്യമങ്ങള്‍ ഈ പ്രതിവിജ്ഞാനത്തിന്റെ വാഹകരാണ്. അത് സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെ അതിന്റെ ചരിത്രപശ്ചാത്തലത്തില്‍ നിന്നു നീക്കി ജിഹാദികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അതുവഴി ഇസ്‌ലാം തന്നെ ദുര്‍ഗ്രഹമായി മാറുന്നു. ഭീകരവാദം ഇസ്‌ലാമിന്റെ സഹജഭാവമായതിനാല്‍ മുസ്‌ലിംകളെപ്പറ്റി പഠിക്കേണ്ട; അവരെ വെറുതെ നശിപ്പിച്ചാല്‍ മതി. വാഷിങ്ടണിലും ലണ്ടനിലുമുള്ള ബൗദ്ധിക ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ഗണങ്ങളും ഭീകരവാദം, മൗലികവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാവനാചിത്രങ്ങളുമില്ലാതെ സുന്നികളും ശിയാക്കളും കുര്‍ദുകളും ഇറാഖികളും തമിഴരും സിംഹളരും സിഖുകാരും ഹിന്ദുക്കളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പാശ്ചാത്യര്‍ പഠിക്കുന്നില്ലെന്ന് ഫലസ്തീന്‍-അമേരിക്കന്‍ ചിന്തകനായ എഡ്വേഡ് സഈദ് എഴുതി. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതു വഴി നാം അക്രമത്തിന്റെ ഒരു ദൂഷിതവലയത്തില്‍ വന്നു വീഴുന്നു. മോറിത്താനിയന്‍ പണ്ഡിതനായ മുഹമ്മദ്-മഹ്മൂദ് വലദ് മുഹമ്മദു ഐഎസിനെപ്പറ്റിയുള്ള തന്റെ കൃതിയില്‍, ഒരു ഭീകരാക്രമണം നടക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതികരണത്തിന്റെ പൊതുസ്വഭാവം എന്തെന്നു വിശദീകരിക്കുന്നു. ന്യൂയോര്‍ക്കിലോ ലണ്ടനിലോ പാരിസിലോ ബ്രസ്സല്‍സിലോ ബെര്‍ലിനിലോ ആക്രമണമുണ്ടാവുമ്പോള്‍ തന്നെ അതിനു പ്രേരണയാവുന്ന അഗാധമായ രാഷ്ട്രീയപ്രശ്‌നങ്ങള്‍ തമസ്‌കരിക്കാന്‍ തുടങ്ങുന്നു. ആദ്യത്തെ നടുക്കം പിന്നെ ക്ഷോഭമാവും. സുരക്ഷാ വിദഗ്ധര്‍ പെട്ടെന്നു ടിവിയിലും സാമൂഹിക മാധ്യമങ്ങളിലും ഹാജരാവും. ഇസ്‌ലാമിക തീവ്രവാദം തടയാന്‍ അധികൃതര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല എന്നവര്‍ പരാതിപ്പെടും. ഐഎസ് (മുമ്പ് അല്‍ഖാഇദ) ദുര്‍ബലമായെന്നും ഹതാശരായ അവരുടെ അവസാനത്തെ ചില പിടച്ചിലുകളാണിപ്പോള്‍ കാണുന്നതെന്നും അവര്‍ വിശദീകരിക്കും. മുസ്‌ലിം സമൂഹങ്ങളോട് രംഗത്തുവരാനുള്ള ആഹ്വാനമുണ്ടാവും. അവര്‍ക്കു നേരെ ചിലപ്പോള്‍ ആക്രമണം നടക്കും. ഇസ്‌ലാമിനെതിരേ വലിയ പ്രചാരണമുണ്ടാവും. അക്രമത്തിന് ഇരയായവരോട് അനുതാപം പ്രകടിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരും. നിരീക്ഷണ സംവിധാനം ശക്തമാക്കാനും സംശയിക്കുന്നവരെ തടങ്കലില്‍ വയ്ക്കാനും പൗരത്വ പരിശോധനയ്ക്കും ഹിജാബ് നിരോധിക്കാനും നിയമം വേണമെന്ന മുറവിളിയുയരും. ചില അറസ്റ്റുകള്‍ നടക്കും. അതിനിടയില്‍ ഇറാഖിലും സിറിയയിലും ലിബിയയിലും യമനിലും അഫ്ഗാനിസ്താനിലും ബോംബിങ് ഇരട്ടിയാക്കും.
ഒബാമാ ഭരണകൂടം ഭീകരവാദ വിദഗ്ധനായ ജോണ്‍ ബ്രെന്നന്റെ കീഴില്‍ ഡിസ്‌പോസിഷന്‍ മാട്രിക്‌സ് എന്ന പേരില്‍ ഒരു ആഗോള ഭീകരപ്പട്ടിക തയ്യാറാക്കിയിരുന്നു. കൊല്ലേണ്ടവരുടെ പട്ടികയെന്നാണ് സത്യത്തില്‍ അതിനെ വിളിക്കേണ്ടത്. പട്ടികയില്‍പ്പെട്ടവരെ തട്ടിക്കൊണ്ടുവരാന്‍ സിഐഎയുടെ വക സ്‌ക്വാഡുകള്‍ രംഗത്തിറങ്ങി. ഡ്രോണാക്രമണവും ബോംബാക്രമണവും തുടര്‍ന്ന് നടന്നു. മുമ്പുകാലത്ത് സാമ്രാജ്യശക്തികള്‍ തയ്യാറാക്കിയതരം ശത്രുപട്ടികയ്ക്കു സമാനമായിരുന്നു അത്. എന്നാലിപ്പോള്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ തങ്ങളുടെ വംശീയമായ ആക്രമണങ്ങള്‍ക്കു പ്രത്യയശാസ്ത്രത്തിന്റെ മേലാട അണിയിക്കും. കോര്‍പറേറ്റ് രാഷ്ട്രം വ്യവസായവല്‍ക്കരണത്തിന്റെ അന്ത്യവും ആഗോളതാപനവും സൃഷ്ടിക്കുന്ന അസ്വാസ്ഥ്യത്തിനു പുറമെ ജനവിഭാഗങ്ങളെ ഒന്നിച്ചു കുറ്റവാളികളാക്കി പ്രഖ്യാപിച്ചു നടത്തുന്ന ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന തിരിച്ചടിയും അഭിമുഖീകരിക്കേണ്ടിവരും. എഴുത്തുകാരിയായ നിശാ കപൂര്‍, രഹസ്യ വിചാരണകളും മനുഷ്യാവകാശ ലംഘനങ്ങളുമടങ്ങിയ പുതിയൊരു വ്യവസ്ഥയാണ് ബ്രിട്ടനിലും യുഎസിലും നടപ്പാക്കുന്നത് എന്നെഴുതുന്നു.
ലോകത്തെങ്ങുമുള്ള മുസ്‌ലിംകളെ വേട്ടയാടുന്നതിന്റെ പ്രത്യാഘാതമെന്നോണമാണ് രാജ്യാതിര്‍ത്തികള്‍ പാലിക്കാതെ നടക്കുന്ന ആക്രമണങ്ങള്‍. ഭീകരാക്രമണം നടത്തുന്നവര്‍ നമ്മുടെ തന്നെ പ്രതിബിംബങ്ങളാണ്. നമുക്കുള്ള അതേ ആത്മരതിയും പ്രശസ്തിമോഹവും അവര്‍ക്കുണ്ട്. അക്രമം നടത്തുന്നതിനു മുമ്പ് പശ്ചിമത്തിനെതിരായി അവര്‍ ഓരിയിടുന്നു. ഗ്വണ്ടാനമോയിലെ തടവുകാര്‍ ധരിക്കുന്ന ഓറഞ്ച് ജംപ് സ്യൂട്ടിട്ട് തടവുകാരുടെ തല വെട്ടുന്നു. ലോകത്തോട് സംവദിക്കാന്‍ നാം ഉപയോഗിക്കുന്ന അതേ ഭാവനാചിത്രങ്ങള്‍ അവര്‍ തിരിച്ച് ഉപയോഗിക്കുന്നു. മധ്യയുഗത്തില്‍ നിന്നു വന്നവരല്ല അവര്‍. ആധുനികതയുടെ സൃഷ്ടികളാണവര്‍. നമ്മുടെ സംസ്‌കാരത്തെ പിടികൂടുകയും വക്രീകരിക്കുകയും ചെയ്യുന്ന അതേ ലൈംഗിക ഹിംസയുടെ പകര്‍പ്പുകളാണ് അവര്‍ നമുക്കു നല്‍കുന്നത്.
ഇസ്രായേലികള്‍ ഫലസ്തീനില്‍ നടത്തുന്ന കൂട്ടക്കൊല, അധികാരവും വന്‍സമ്പത്തും നിയന്ത്രിക്കുന്ന ആഗോള വിശിഷ്ടവര്‍ഗം രക്തച്ചൊരിച്ചിലിലൂടെ മര്‍ദിതരെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന ദുഃഖപൂര്‍ണമായ നവ കൊളോണിയല്‍ ലോകത്തിന്റെ നാന്ദി കുറിക്കുകയാണ്.
ആഗോള വിത്തപ്രഭുക്കള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന ഏവരും ഇനി മുസ്‌ലികളും ഭീകരരുമാവും. വിശിഷ്ടവര്‍ഗത്തിന് തങ്ങളുടെ ഭാവി ഭദ്രമാക്കാന്‍ ഒരു പദ്ധതിയുണ്ട്. ഗസയിലെ കൊലക്കളങ്ങളില്‍ അതു ദൃശ്യമാണ്.                ി

(അമേരിക്കന്‍ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ് ക്രിസ് ഹെജസ്).
Next Story

RELATED STORIES

Share it