palakkad local

കൂട്ടക്കടവ് റഗുലേറ്റര്‍ യാഥാര്‍ഥ്യത്തിലേക്ക്; പൂവണിയുന്നത് ദശാബ്ദങ്ങളുടെ കാത്തിരിപ്പ്

സി കെ ശശിചാത്തയില്‍

ആനക്കര: ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് അറുതിവരുത്തിക്കൊണ്ട് ആനക്കര കൂട്ടക്കടവ് റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു. നബാര്‍ഡ് സഹായത്തോടെ 50 കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്ററിന് ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ ഇക്കഴിഞ്ഞ ദിവസം സാങ്കേതികാനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങാനാവുമെന്നും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വി ടി ബല്‍റാം എംഎല്‍എ അറിയിച്ചു.
50 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ട് മാസങ്ങളായെങ്കിലും പല കാരണങ്ങളാല്‍ സാങ്കേതികാനുമതി വൈകുകയായിരുന്നു. പൊന്നാനി ചമ്രവട്ടം റഗുലേറ്റര്‍ നിര്‍മാണത്തില്‍ വന്ന അപാകതയേത്തുടര്‍ന്ന് റഗുലേറ്ററുകളുടെ ചില സാങ്കേതികവശങ്ങള്‍ പുനപരിശോധിക്കേണ്ടി വന്നതാണ് കാലതാമസത്തിനിടയാക്കിയത്. അതുകൊണ്ടുതന്നെ നേരത്തെയുള്ളതില്‍നിന്ന് ആവശ്യമായ ഭേദഗതി വരുത്തിയാണ് ജലവിഭവവകുപ്പിലെ ഐഡിആര്‍ബി എന്ന ഡിസൈന്‍ ഗവേഷണ വിഭാഗം കൂട്ടക്കടവിനായി പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്.
ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിലാണ് റഗുലേറ്റര്‍ വരുന്നത്. ഇതോടെ പാലക്കാട് ജില്ലയിലെ ആനക്കര, പട്ടിത്തറ, പരുതൂര്‍, തിരുവേഗപ്പുറ, മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം എന്നിങ്ങനെ നിരവധി പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കും.
നിരവധി കുടിവെള്ള പദ്ധതികളോടൊപ്പം 2000ഓളം ഹെക്റ്റര്‍ സ്ഥലത്ത് കൃഷിക്കായി വെള്ളമെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ടൂറിസം വികസനത്തിനും അനന്തസാദ്ധ്യതകളാണ് തുറന്നുകിട്ടുന്നത്. സാങ്കേതിക കാരണങ്ങളുടെ പേരില്‍ ഒരുഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടിവരുമോ എന്ന് പോലും സംശയിച്ച പദ്ധതി ജലവിഭവവകുപ്പ് മന്ത്രി പിജെ ജോസഫിന്റെ ഇടപെടലൊടെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. 35.5 കോടിയുടെ സിവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും 14.5 കോടിയുടെ മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിയില്‍ ഉള്ളത്. ഈ മാസം 25 വരെയാണ് ടെണ്ടര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it