Flash News

കൂടെനില്‍ക്കുന്നവര്‍ക്ക് വേണ്ടി വി എസ് ഒന്നും ചെയ്തില്ലെന്ന് മുന്‍ പിഎ



തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരേ കടുത്ത ആരോപണങ്ങളുമായി മുന്‍ പിഎയും സന്തത സഹചാരിയുമായിരുന്ന എ സുരേഷ് രംഗത്ത്. കൂടെനില്‍ക്കുന്നവര്‍ക്കു വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സുരേഷിന്റെ ആരോപണം. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ച് സുരേഷിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിനു ശേഷം പുനപ്രവേശനത്തിനായി വി എസ് ശ്രമം നടത്തിയില്ലെന്നാണു സുരേഷിന്റെ പരാതി. നിഴല്‍ പോലെ നടന്ന തനിക്ക് ആവശ്യം ഉന്നയിക്കാതെ തന്നെ പുനപ്രവേശനത്തിനു വി എസ് മുന്‍കൈ എടുക്കണമായിരുന്നുവെന്നാണ് സുരേഷിന്റെ ആവശ്യം. ഒ കെ വാസുവിനെ അടക്കം പാര്‍ട്ടിയിലെടുത്തപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളില്‍ നിന്നു വ്യതിചലിക്കാത്ത താനടക്കമുള്ളവര്‍ മാറ്റിനിര്‍ത്തപ്പെടുന്നതില്‍ വിഷമമുണ്ടെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു സുരേഷ് വി എസിനെതിരേ തുറന്നടിച്ചത്. പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ 2002ലാണു വിഎസിന്റെ പിഎ ആയി സുരേഷ് എത്തുന്നത്. പുറത്താക്കിയപ്പോള്‍ പോലും സുരേഷ് വി എസിനെതിരേ പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണു വി എസിനെതിരേ ഒരാരോപണം ഉന്നയിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നു പുറത്തായ ശേഷം വിദേശത്തേക്കു ജോലി തേടിപ്പോയ സുരേഷ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് 2013 മെയ് 14നാണു സുരേഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.
Next Story

RELATED STORIES

Share it