കൂടുതല്‍ സീറ്റ് വേണം: ജെഡിയു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്ന് ജെഡിയു. ഇന്നലെ രാവിലെ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനൊപ്പം തന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ ഈ ആവശ്യമുന്നയിച്ചത്.
10 സീറ്റാണ് ആവശ്യപ്പെടുന്നതെങ്കിലും എട്ടെങ്കിലും കിട്ടണമെന്ന നിര്‍ബന്ധത്തിലാണ് പാര്‍ട്ടി. മട്ടന്നൂര്‍, എലത്തൂര്‍, നേമം, നെന്മാറ മണ്ഡലങ്ങള്‍ തങ്ങള്‍ക്കു വേണ്ടെന്നാണ് ജെഡിയു നിലപാട്. കായംകുളം അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ എലത്തൂരിനു പകരം കുന്ദമംഗലമോ കൊയിലാണ്ടിയോ അനുവദിക്കണമെന്നാണ് ആവശ്യം. കല്‍പ്പറ്റ, കൂത്തുപറമ്പ്, വടകര മണ്ഡലങ്ങള്‍ നിലനിര്‍ത്തി തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജയസാധ്യതയുള്ള രണ്ട് വീതം സീറ്റുകള്‍ വേണമെന്ന ആവശ്യവും പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുണ്ട്. തൃശൂരില്‍ ഒരു സീറ്റ് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
ഏഴാം തിയ്യതി നടക്കുന്ന രണ്ടാംഘട്ട ചര്‍ച്ചയോടെ സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനമാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജെഡിയുവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ നടന്നത് ഒന്നാംഘട്ട ചര്‍ച്ചയാണ്. സീറ്റ് തര്‍ക്കം രമ്യമായി പരിഹരിക്കും. ജെഡിയു യുഡിഎഫിലേക്ക് വന്നതിനു ശേഷം മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല. കോണ്‍ഗ്രസ്സുമായി വളരെ നല്ല ബന്ധമാണ് ജെഡിയുവിന്. എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്താണ് കോണ്‍ഗ്രസ് മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it