കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് യുവനേതാക്കള്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യു നേതാക്കള്‍. ഇതു സംബന്ധിച്ച് ഇവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തി.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എം ലിജു, പി സി വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ക്കും എന്‍എസ്‌യു ദേശീയ പ്രസിഡന്റ് ജോജി, സെക്രട്ടറി ശരത് എന്നിവര്‍ക്കും സീറ്റ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതില്‍ വിഷ്ണുനാഥ് നിലവില്‍ സിറ്റിങ് എംഎല്‍എയാണ്. നിലവിലെ എംഎല്‍എമാര്‍ക്ക് സീറ്റ് ഉറപ്പാക്കുന്ന രീതിയിലുള്ള ഫോര്‍മുല സംസ്ഥാന നേതൃത്വം തയ്യാറാക്കുന്നതിനാല്‍ വിഷ്ണുനാഥിന് സീറ്റ് ഉറപ്പാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് സീറ്റ് കണ്ടെത്തുകയെന്നതാണ് പ്രായസം. നിലവിലെ രീതിയിലാണ് സ്ഥാനാര്‍ഥി നിര്‍ണയമെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയത്തെ നേരിടേണ്ടിവരുമെന്ന് യുവ നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു.
പ്രചാരണ രംഗത്ത് യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തണമെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പങ്കാളിത്തം ഉണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍ കെപിസിസി സമര്‍പ്പിച്ച ജംബോ പട്ടികയില്‍ മാറ്റം വരുത്തിയാവും അന്തിമ പട്ടിക സമര്‍പ്പിക്കുകയെന്നതിനാല്‍ തന്നെ ഇടം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.
Next Story

RELATED STORIES

Share it