കൂടുതല്‍ മെസേജുകള്‍ പുറത്ത്; രണ്ടാം ഹര്‍ത്താലിനും പദ്ധതിയിട്ടു

മലപ്പുറം: ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള വാട്‌സ്ആപ്പ് വോയ്‌സ് മെസേജുകളില്‍  പോലിസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍  വിവരങ്ങള്‍ പുറത്ത്. മുഖ്യപ്രതി അമര്‍നാഥ് ബൈജു നേരിട്ട് നിയന്ത്രിച്ച വിവിധ ജില്ലകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് പോലിസ് പരിശോധിച്ചത്.
ഇതില്‍ യൂത്ത് ഓഫ് മഞ്ചേരി ഗ്രൂപ്പില്‍ രണ്ടാം ഹര്‍ത്താല്‍ നടത്തുന്നതു സംബന്ധിച്ചും വോയ്‌സ് മെസേജുകള്‍ ഉണ്ട്. ഇതുവരെ കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നും രണ്ടാം ഹര്‍ത്താല്‍ കൂടുതല്‍ സമഗ്രമായി വരാനിരിക്കുന്നതേയുള്ളൂവെന്നും സന്ദേശത്തിലുണ്ട്. രാഷ്ട്രീയക്കാര്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കും. ഒറ്റയ്ക്ക് പരിപാടി നടത്തി കഴിഞ്ഞാല്‍ ആരുമുണ്ടാവില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍, ഉറപ്പായും രാഷ്ട്രീയക്കാര്‍ പിന്നാലെ വരും. യുവാക്കളില്ലാതെ രാഷ്ട്രീയക്കാര്‍ക്ക് നിലനില്‍പ്പില്ലെന്നും മെസേജില്‍ പറയുന്നു. പയ്യനാട് സ്‌റ്റേഡിയം വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേരി ഇളക്കി മറിക്കുന്ന പരിപാടി വരാന്‍ പോവുന്നുവെന്നും സന്ദേശത്തിലുണ്ട്. ബാക്കി വരുന്നിടത്ത് വച്ച് കാണാമെന്ന അറിയിപ്പോടെയാണ് സന്ദേശം സമാപിക്കുന്നത്.
വിവിധ ഗ്രൂപ്പുകളില്‍ നടത്തിയ പരിശോധനയിലാണു കലാപത്തിന് ആഹ്വാനം ചെയ്ത സന്ദേശം ലഭിച്ചതെന്ന് പോലിസ് പറയുന്നു. പോലിസ് സ്റ്റേഷന്‍ അടിച്ചുപൊളിക്കാന്‍ ആഹ്വാനം ചെയ്ത സന്ദേശം പ്രചരിച്ചതിനു പിറകെ, തിരൂരിലും മഞ്ചേരിയിലും ഹര്‍ത്താല്‍ ദിവസം പോലിസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചു പ്രകടനം നടത്തിയതും അന്വേഷിക്കുന്നുണ്ട്. കലാപത്തിന്റെ വിത്തിട്ടതു കഴിഞ്ഞദിവസം പിടിയിലായവരുടെ ഗ്രൂപ്പുകള്‍ മുഖേനയും ഏറ്റെടുത്തു നടപ്പാക്കിയതു മറ്റു ജില്ലാ, പ്രാദേശിക ഗ്രൂപ്പുകള്‍ മുഖേനയുമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മഞ്ചേരിയില്‍ മാത്രം 18 അഡ്മിന്‍മാരുള്ള വിവിധ ഗ്രൂപ്പുകള്‍ക്കു കൊല്ലം സ്വദേശി അമര്‍നാഥിന്റെ വോയ്‌സ് ഓഫ് യൂത്തുമായി നേരിട്ടു ബന്ധമുണ്ട്. അതേസമയം, ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് പോലിസ് തീരുമാനം.  എന്നാല്‍, നാശനഷ്ടങ്ങള്‍ വരുത്തിയവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും.
സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കും.  കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് ഇന്നലെ പെരിന്തല്‍മണ്ണയില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം നടന്നു.  റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടു നല്‍കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും.
Next Story

RELATED STORIES

Share it