കൂടുതല്‍ ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കും

തിരുവനന്തപുരം: പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് സുപ്രിംകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ത്രീസ്റ്റാര്‍ ബാറുകള്‍ അനുവദിക്കുന്നതില്‍ നഗരസ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് ഇളവ് അനുവദിക്കാമെന്ന സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ നീക്കം.
നിലവിലെ സെന്‍സസ്, പഞ്ചായത്ത് വകുപ്പ് രേഖകള്‍ക്ക് അനുസൃതമായി പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയായി കണക്കാക്കാമെന്ന് ഉത്തരവില്‍ പറയുന്നു. വിനോദസഞ്ചാര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന സംഖ്യക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 2018-19 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക.
എന്നാല്‍, പുതിയ ബാറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും പൂട്ടിയ ബാറുകള്‍ മാത്രമാണ് തുറക്കുകയെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. മുനിസിപ്പല്‍ മേഖലകളിലുള്ള ബാറുകള്‍ക്കു സുപ്രിംകോടതി നേരത്തേ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവിന്റെ ആനുകൂല്യം തങ്ങളുടെ സംസ്ഥാനങ്ങളിലെ സവിശേഷ സാഹചര്യം പരിഗണിച്ച് ഗ്രാമപ്രദേശങ്ങളില്‍ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉപ്പെടെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മുനിസിപ്പല്‍ ഏരിയ ഏതാണെന്നതു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നഗരസ്വഭാവമുള്ള പ്രദേശങ്ങളില്‍ മദ്യശാലകള്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതുപ്രകാരം പാതയോരങ്ങളിലെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളില്‍ ത്രീസ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കും.
മദ്യപിച്ചു വാഹനമോടിച്ചുണ്ടാവുന്ന അപകടങ്ങള്‍ കുറയ്ക്കാനാണ് പാതയോര മദ്യശാലകള്‍ക്കു സുപ്രിംകോടതി നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍, ഇതില്‍ വരുത്തിയ ഇളവുകള്‍ മൂന്നു ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കാന്‍ സാഹചര്യമൊരുക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it