' കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ ' റഫേല്‍: ഇത് തുടക്കം മാത്രമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ കരാര്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള തുറന്ന വാഗ്വാദങ്ങളിലേക്ക് കടക്കുമ്പോള്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇത് തുടക്കം മാത്രമാണെന്നും വരുംദിവസങ്ങളില്‍ കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.
തന്റെ മണ്ഡലമായ അമേത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് വന്നയാള്‍ അനില്‍ അംബാനിക്ക് 30,000 കോടി രൂപ നേടിക്കൊടുത്തു. തമാശ തുടങ്ങിയിട്ടേയുള്ളൂ. കാര്യങ്ങള്‍ രസകരമാവാന്‍ പോകുകയാണ്. അടുത്ത രണ്ടു മൂന്ന് മാസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ രസകരമായിരിക്കും. അത് കഴിഞ്ഞാല്‍ മോദിയുടെ പ്രവര്‍ത്തനത്തെ ഞങ്ങള്‍ ഒന്നൊന്നായി കാണിച്ചുതരുമെന്ന് രാഹുല്‍ അമേത്തിയില്‍ കോണ്‍ഗ്രസ്സിന്റെ സാമൂഹികമാധ്യമപ്രവര്‍ത്തകരുടെ സമ്മേളനത്തിനിടെയാണ് പറഞ്ഞത്.
വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ദൃശ്യങ്ങള്‍ പിന്നീട് പ്രവര്‍ത്തകരില്‍ ചിലര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. രാഹുലിന്റെ പ്രസംഗം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
അതേസമയം രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധിക്കാനും കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റും ഒരു പ്രധാനമന്ത്രിയെക്കുറിച്ചും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും രാഹുലിനെപ്പോലുള്ളയാള്‍ കോണ്‍ഗ്രസ്സിന് അപമാനമാണെന്നുമായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ഉത്തരവാദിത്തബോധമില്ലാത്ത നുണയനാണ് കോണ്‍ഗ്രസ് പ്രസിഡന്റെന്നും പ്രസാദ് ആരോപിച്ചു.

Next Story

RELATED STORIES

Share it