കൂടുതല്‍ എഴുത്തുകാര്‍ പുരസ്‌കാരം തിരിച്ച് നല്‍കി

സിദ്ദീഖ് കാപ്പന്‍ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയത വര്‍ധിക്കുകയും എഴുത്തുകാരെ കൊലപ്പെടുത്തുന്നത് തുടരുകയും ചെയ്തിട്ടും കേന്ദ്ര സാഹിത്യ അക്കാദമി മൗനംപാലിക്കുന്നതില്‍ പ്രതിഷേധിച്ച് കൂടുതല്‍ എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി. എഴുത്തുകാരനും നിരൂപകനും കവിയുമായ മംഗലേഷ് ദബ്രാല്‍, ഹിന്ദി കവി രാജേഷ് ജോഷി എന്നിവരാണ് കഴിഞ്ഞ ദിവസം പുരസ്‌കാരം തിരിച്ചുനല്‍കിയത്. കൂടാതെ, പ്രമുഖ നാടകനടി മായാ കൃഷ്ണ റാവു ഇന്നലെ സംഗീത നാടക അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി. ബുക്കര്‍ പുരസ്‌കാരജേതാവ് സല്‍മാന്‍ റുഷ്ദി കഴിഞ്ഞ ദിവസം എഴുത്തുകാരുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. നയന്‍താര സെഹ്ഗാള്‍ അടക്കമുള്ള എഴുത്തുകാര്‍ നടത്തുന്ന പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതായി റുഷ്ദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ അക്രമങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശാണ്, എം എം കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ച് ആദ്യമായി അവാര്‍ഡ് തിരിച്ചുനല്‍കിയത്. തുടര്‍ന്ന് നയന്‍താര സെഹ്ഗാളും ലളിതകലാ അക്കാദമി മുന്‍ അധ്യക്ഷന്‍ അശോക് ബാജ്‌പേയിയും അവാര്‍ഡുകള്‍ തിരിച്ചുനല്‍കി. പഞ്ചാബി എഴുത്തുകാരായ ഗുര്‍ബച്ചന്‍ ഭുള്ളര്‍, അജമീര്‍സിങ് ഔലഖ്, അതംജിത് സിങ് എന്നിര്‍ ഞായറാഴ്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയിരുന്നു. കശ്മീരി എഴുത്തുകാരന്‍ ഗുലാംനബി ഗയാല്‍, ഉര്‍ദു നോവലിസ്റ്റ് റഹ്മാന്‍ അബ്ബാസ്, കന്നട എഴുത്തുകാരന്‍ ശ്രിനാഥ് ഡി എന്‍ എന്നിവരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് അറിയിച്ചിരുന്നു. പഞ്ചാബി എഴുത്തുകാരന്‍ വാര്യം സന്ധു, കന്നട എഴുത്തുകാരന്‍ ജി എന്‍ രംഗനാഥ റാവു, ഗുജറാത്തി എഴുത്തുകാരന്‍ ഗണേഷ് ദേവി എന്നിവരും തങ്ങളുടെ അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കന്നട എഴുത്തുകാരന്‍ അരവിന്ദ് മാലാഗട്ടി അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍നിന്നു രാജിവച്ചിട്ടുണ്ട്. കവി സച്ചിദാനന്ദന്‍, പി കെ പാറക്കടവ് എന്നിവരും അക്കാദമിസ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

എഴുത്തുകാരുടെ കൂട്ടരാജിയും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് തുടരുകയും ചെയ്യുന്നതിനിടെ സാഹിത്യ അക്കാദമി അടിയന്തര എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വരുന്ന 23നാണ് യോഗം. യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്ന് അക്കാദമിവൃത്തങ്ങള്‍ വ്യക്തമാക്കി. ഡിസംബറില്‍ ചേരാനിരുന്ന യോഗമാണ് ഈ മാസം 23ന് അടിയന്തരമായി വിളിച്ചുചേര്‍ത്തത്.

അതിനിടെ, എഴുത്തുകാര്‍ അവാര്‍ഡ് തിരിച്ചുനല്‍കാന്‍ പാടില്ലായിരുന്നുവെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ വിശ്വനാഥ് പ്രസാദ് തിവാരി പറഞ്ഞു. അവാര്‍ഡ് നല്‍കുന്നത് സര്‍ക്കാരല്ലെന്നും എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികളുടെ മൂല്യമനുസരിച്ച് അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക്കെതിരേയാണ് എഴുത്തുകാരുടെ പ്രതിഷേധമെന്ന് ജനങ്ങള്‍ കരുതും. ഇതുമൂലം യഥാര്‍ഥ പ്രതിഷേധത്തിന്റെ ഗുണം ലഭിക്കില്ലെന്നും തിവാരി പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിക്കാന്‍ മറ്റു വഴികള്‍ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുരസ്‌കാരം ലഭിച്ചതു വഴി എഴുത്തുകാര്‍ക്ക് ലഭിച്ച പ്രശസ്തി തിരികെ നല്‍കാനാവുമോ എന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it