കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി (പി എസ് സതീദേവി-50) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി 7.50നായിരുന്നു അന്ത്യം.
നങ്ങ്യാര്‍കൂത്തിനെ ജനകീയ കലയാക്കി മാറ്റിയ സതി, ശ്രീരാമചരിതം നങ്ങ്യാര്‍കൂത്തിലൂടെയാണ് ശ്രദ്ധേയയായത്. മാര്‍ഗിയിലും കലാമണ്ഡലത്തിലും ഏറെക്കാലം പ്രവര്‍ത്തിച്ച മാര്‍ഗി സതി കൂത്തരങ്ങുകളില്‍ വ്യത്യസ്തമായ നൃത്തപാടവത്തിലൂടെ ശ്രദ്ധനേടിയിരുന്നു.
പുത്തില്ലത്ത് സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകളായി 1965ല്‍ തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ ജനനം. കേരള കലാമണ്ഡലത്തില്‍നിന്നു പൈങ്കുളം രാമചാക്യാരുടെ കീഴിലായിരുന്നു കൂടിയാട്ട പഠനം. 1977 മുതല്‍ 1985 വരെ അമ്മന്നൂര്‍ മാധവചാക്യാരുടെയും മാണിമാധവചാക്യാരുടെയും പി കെ നാരായണന്‍ നമ്പ്യാരുടെയും കലാമണ്ഡലം ശിവന്‍ നമ്പൂതിരിയുടെയും കലാമണ്ഡലം രാമചാക്യാരുടെയും ശിക്ഷണത്തില്‍ നാലുവര്‍ഷത്തെ കോഴ്‌സും രണ്ടുവര്‍ഷത്തെ ഉപരിപഠനവും നടത്തി. കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ തുടര്‍ന്നുള്ള രണ്ടുവര്‍ഷവും പഠിച്ചു.
1991 മുതല്‍ ആഴ്ചയില്‍ ഒരു കൂടിയാട്ടം വീതം തിരുവനന്തപുരത്ത് അരങ്ങേറിയിരുന്നു. ശ്രീരാമചരിതം ആട്ടപ്രകാരം നങ്ങ്യാര്‍കൂത്തിനായി രചിച്ചു. മാര്‍ഗി സതിക്ക് നൃത്തവേദി സജ്ജീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റായിരുന്നു ഭര്‍ത്താവ് സുബ്രമഹ്ണ്യന്‍ പോറ്റിയുടെ അന്ത്യം. രേവതി, ദേവനാരായണന്‍ എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it