wayanad local

കൂടല്‍ക്കടവില്‍ കാട്ടാനശല്യം രൂക്ഷം : റെയില്‍ ഫെന്‍സിങ് നിര്‍മാണം ഇനിയും തുടങ്ങിയില്ല



മാനന്തവാടി: കാട്ടാനശല്യം രൂക്ഷമായ കൂടല്‍ക്കടവ്, പയ്യംപള്ളി, ചാലിഗദ്ധ, പാല്‍വെളിച്ചം പ്രദേശങ്ങളിലെ കാട്ടാനശല്യം പരിഹരിക്കുന്നതിന് റെയില്‍ ഫെന്‍സിങ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 900 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കുറുവാദ്വീപില്‍ നിന്ന് പുഴമുറിച്ചു കടന്ന് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപ വനംവകുപ്പില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനുണ്ട്. കുറുവാദ്വീപില്‍ നിന്ന് ഇറങ്ങുന്ന കാട്ടാനകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എടവക ഗ്രാമപ്പഞ്ചായത്തിലെ കമ്മന, കരിന്തിരിക്കടവ്, കൊയിലേരി, പുതിയിടം, പയ്യംപള്ളി പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നതു പതിവാണ്. പയ്യംപള്ളിയിലെ ജനവാസകേന്ദ്രത്തില്‍ കഴിഞ്ഞ ആഗസ്ത് മാസം കാട്ടാനയുടെ അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇവരുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രണ്ടുവര്‍ഷം മുമ്പ് കമ്മനയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 2017 മാര്‍ച്ച് മൂന്നിന് കുറുവാദ്വീപിന് സമീപത്തെ പാല്‍വെളിച്ചം ക്ഷേത്രത്തില്‍ ഉല്‍സവത്തിനു പോയി മടങ്ങുന്നതിനിടയിലാണ് പാല്‍വെളിച്ചം പാറയക്കല്‍ ശശി കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതു വന്‍ ജനരോഷത്തിനും വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുന്നതിനും സംഘര്‍ഷത്തിനും ഇടയാക്കി. കുറുവാദ്വീപില്‍ നിന്നു കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നതു തടയാന്‍ മുമ്പ് വനംവകുപ്പ് ലക്ഷങ്ങള്‍ മുടക്കി കൂടല്‍ക്കടവ് മുതല്‍ പാല്‍വെളിച്ചം വരെ ഇലക്ട്രിക് ഫെന്‍സിങ് സ്ഥാപിച്ചിരുന്നു. ഇതു നിര്‍മാണത്തിലെ അപാകതയും സംരക്ഷണമില്ലാത്തതു കൊണ്ടും ഒരു വര്‍ഷത്തിനകം നശിച്ചു. കുറുവാദ്വീപില്‍ നിന്നു പുഴ മുറിച്ചുകടന്ന് ജനവാസകേന്ദ്രങ്ങളില്‍ ആനകള്‍ എത്തുന്നതു തടയാന്‍ കര്‍ണാടക മാതൃകയില്‍ റെയില്‍ ഫെന്‍സിങ് നിര്‍മിക്കുന്നതിന് തിരുമാനമായിരുന്നു. എന്നാല്‍, ഇതുവരെ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. ഏറ്റവും ഒടുവിലായി നവംബര്‍ ആദ്യവാരം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുമുണ്ടായില്ല. കുറുവാദ്വീപില്‍ നിയന്ത്രണമില്ലാതെ ജനങ്ങള്‍ പ്രവശിക്കുന്നതോടെ ആന വീണ്ടും ജനവാസകേന്ദ്രത്തിലെത്തുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. കുറുവാദ്വീപിന്റെ പരിസരപ്രദേശമായ ബാവലി, പാല്‍വെളിച്ചം, ചാലിഗദ്ധ, കുടല്‍ക്കടവ്, പാക്കം, ചെറിയമല എന്നിവിടങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ താല്‍ക്കാലികമായി നിര്‍മിച്ച ഏറുമാടങ്ങളില്‍ ജീവന്‍ പണയംവച്ചാണ് കൊടും തണപ്പിനെയും അതിജീവിച്ച് കാവലിരിക്കുന്നത്. എത്രയും പെട്ടെന്നു റെയില്‍ ഫെന്‍സിങ് നിര്‍മാണം പൂര്‍ത്തീകരിച്ചല്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ ഭീഷണയില്ലാതെ കൃഷിയിറക്കന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it