കൂടരഞ്ഞിയിലും മുക്കത്തും ജെ.ഡി.യു. യു.ഡി.എഫ്. വിട്ടു; മലയോരത്ത് യു.ഡി.എഫ് - ജനതാദള്‍ (യു) ബന്ധത്തില്‍ വിള്ളല്‍

മുക്കം (കോഴിക്കോട്): ആറ് വര്‍ഷം മുമ്പ് ഇടതു ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫില്‍ ചേക്കേറിയ ജനതാദള്‍ യുനൈറ്റഡ് മലയോര മേഖലയില്‍ യു. ഡി.എഫുമായി അകലുന്നു. കൂടരഞ്ഞി പഞ്ചായത്തില്‍ ജെ. ഡി. യു. യു.ഡി.എഫ്. വിട്ട് ഇടതു മുന്നണിക്കൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചു. നാല് പഞ്ചായത്ത് വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഇടതു മുന്നണി ജെ.ഡി.യുവിന് നല്‍കിയിട്ടുണ്ട്. ഇതില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങി. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മല്‍സരിച്ച് ഒരു സീറ്റില്‍ ജെ. ഡി.യു. വിജയിച്ചിരുന്നു.

ഇത്തവണ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് ഭരണം പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇടതു മുന്നണിയും മിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി. ജിജി കട്ടക്കയം, ഡി വൈ.എഫ്.ഐ. നേതാവ് കെ എസ് അരുണ്‍കുമാര്‍ അടക്കം പ്രമുഖര്‍ മല്‍സര രംഗത്തുണ്ട്. മുക്കം മുനിസിപ്പാലിറ്റിയിലും യു.ഡി.എഫില്‍ നിന്ന് ജെ.ഡി.യു. വിട്ടു. വിജയ സാധ്യതയുള്ള ഒരു സീറ്റെന്ന ആവശ്യം തള്ളിയതോടെ തെച്യാട് വാര്‍ഡില്‍ മല്‍സരിക്കാന്‍ ജെ. ഡി. യു. തീരുമാനിച്ചു. ഇതിനിടെ ഇടതുപക്ഷവുമായി ചര്‍ച്ചയും നടക്കുന്നുണ്ട്. കൊടിയത്തൂര്‍ പഞ്ചായത്തിലും ഒരു സീറ്റെന്ന ജനതാദള്‍ ആവശ്യം യു.ഡി.എഫ.് തള്ളിയിരിക്കുകയാണ്. പഞ്ചായത്ത് ബ്ലോക്ക് ഡിവിഷനുകളിലേക്ക് ഓരോ സീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി വി കുഞ്ഞാലിയുടെ പ്രധാന കര്‍മമണ്ഡലത്തിലാണ് ജനതാദള്‍ യുനൈറ്റഡ് യു.ഡി.എഫ്. ബന്ധത്തില്‍ വിളളല്‍ വീണത്. സംഭവത്തില്‍ യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയടക്കം ഇടപെടുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it