Flash News

കൂടപ്പിറപ്പിന്റെ മയ്യിത്തിന് മുമ്പില്‍ പകച്ച് സക്കരിയ

കൂടപ്പിറപ്പിന്റെ മയ്യിത്തിന് മുമ്പില്‍ പകച്ച് സക്കരിയ
X






ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: പരീക്ഷണങ്ങളാല്‍ സഹനത്തിന്റെ പ്രതിരൂപമായി മാറിയ സക്കരിയ കൂടപ്പിറപ്പിന്റെ മയ്യിത്തിന് മുമ്പില്‍ പകച്ചുനിന്നു. കഴിഞ്ഞ ദിവസം വിദേശത്തു വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കോണിയത്ത് ശരീഫിന്റെ മുഖം അവസാനമായി കാണാനാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന സക്കരിയ പരപ്പനങ്ങാടിയിലെ ബന്ധുവീട്ടിലെത്തിയത്.



കഴിഞ്ഞ ദിവസം  വിചാരണാവേളയിലാണ് മരണവാര്‍ത്ത സക്കരിയ അറിയുന്നത്. മരണവീട്ടിലേക്കെത്താന്‍ മൂന്നുദിവസത്തെ ജാമ്യം കോടതി നല്‍കി.ഇന്നലെ രാവിലെ 10 മണിയോടെ ജ്യേഷ്ഠന്റെ മൃതദേഹം വിമാനമാര്‍ഗം കരിപ്പൂരിലെത്തിയ സമയത്ത് തന്നെ കര്‍ണാടക പോലിസിന്റെ ബന്തവസ്സില്‍ സക്കരിയ ബീച്ച് റോഡിലെ അമ്മാവന്റെ വീട്ടിലെത്തിയിരുന്നു. മരണവാര്‍ത്തയറിഞ്ഞ് വന്‍ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്.ഒമ്പതുമാസം മുമ്പ് ഇതേ സഹോദരന്റെ വിവാഹത്തിന് ജാമ്യത്തില്‍ എത്തിയിരുന്നു സക്കരിയ. അന്ന് തന്നെ കാത്തുനിന്ന ജേ്യഷ്ഠന്റ  ജീവനറ്റ ശരീരത്തെ കാത്തിരിക്കേണ്ട ദുര്‍വിധിയായിരുന്നു ഇത്തവണ സക്കരിയക്ക്. ചലനമറ്റ കൂടപ്പിറപ്പിനെ കണ്ടതോടെ വിതുമ്പലോടെ നിന്ന സക്കറിയയെ ബന്ധുക്കളും നാട്ടുകാരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഖബറടക്കത്തിനായി ചാപ്പപടി പള്ളിയിലേക്ക് കൊണ്ടുപോവുമ്പോഴും വന്‍ സുരക്ഷയാണ് സക്കരിയക്കായി ഒരുക്കിയത്. കര്‍ണാടക പോലിസിനെ കൂടാതെ താനൂര്‍ സിഐയുടെ നേതൃത്വത്തില്‍ കേരള പോലിസും എത്തിയിരുന്നു. തിരൂരങ്ങാടി എംഎല്‍എ പി കെ അബ്ദുറബ്ബ്, ഇ ടി മുഹമ്മദ് ബഷീര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസി. നാസറുദ്ദീന്‍ എളമരം, ജില്ല നേതാക്കളായ ബഷീര്‍, കെ കെ മജീദ് അല്‍ഖാസിമി, അഷ്‌റഫ് പി, സെയ്തലവി ഹാജി, ഉസ്മാന്‍ ഹാജി, പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഹനീഫ, പിഡിപി നേതാവ് ഇബ്രാഹീം തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Next Story

RELATED STORIES

Share it