Kottayam Local

കൂടംകുളം കൊച്ചി ഇടമണ്‍ 400 കെവി ലൈന്‍ ഭൂഗര്‍ഭ കേബിള്‍ ഉപയോഗിച്ച് നടപ്പാക്കണമെന്ന് എന്‍ ജയരാജ്



കാഞ്ഞിരപ്പള്ളി: നിര്‍ദിഷ്ട കൂടംകുളം കൊച്ചി ഇടമണ്‍ 400 കെവി ലൈന്‍ ഭൂഗര്‍ഭ കേബിള്‍ മുഖേന നടപ്പാക്കണമെന്ന് എന്‍ ജയരാജ് എംഎല്‍എ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടു. ലൈന്‍ കടന്നി പോവാനായി ഉദ്ദേശിച്ചിട്ടുള്ളതില്‍ കേരളത്തിന്റെ ഭാഗമായ 149 കിലോമീറ്റര്‍ പ്രദേശത്തെ 80 ശതമാനം പ്രദേശവും റബര്‍ കൃഷിയിലൂടെ ഉപജീവനം കഴിക്കുന്ന ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളാണ്. റബര്‍ തോട്ടങ്ങള്‍ക്ക് മുകളിലൂടെ ഈ ലൈന്‍ വലിക്കുമ്പോള്‍ ആയിരക്കണക്കിനു ജനങ്ങളുടെ ഉപജീവന വരുമാന മാര്‍ഗം ഇല്ലാതാവും. പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടത്തിന് യാതൊരുവിധ പരിഗണനയും നല്‍കാതെയാണു പദ്ധതിയുമായി മുന്നോട്ടു പോവുന്നത്. 149 കിലോമീറ്റര്‍ ദൂരം 46 വീതിയില്‍ ഏകദേശം 1780 ഏക്കറിലധികം സ്ഥലത്തെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരും. ഇതു സംബന്ധിച്ച് ഗഹനമായ ഒരു പഠനം നടത്താതെ പദ്ധതി നടത്തുന്നതു നല്ലതല്ലന്നും എംഎല്‍എ ആരോപിച്ചു. ഏറ്റവും അധികം കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുക്കുന്ന വൃക്ഷമായ മൂന്നു ലക്ഷത്തിലധികം റബര്‍ മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ ഉണ്ടാവുന്ന മലിനീകരണത്തിന്റെ അഘാതം സംബന്ധിച്ച പഠനം നടത്തിയിട്ടില്ല. ഈ ലൈന്‍ കടന്നു പോവുന്ന പ്രദേശത്തെ ജനങ്ങളെയും പ്രകൃതി സമ്പത്തിനെയും പരിഗണിക്കാകെ ഏകപക്ഷീയമായാണ് അലൈന്‍മെന്റ് തയ്യാറാക്കിയിട്ടുള്ളത്. പവര്‍ ഗ്രീഡ് കോര്‍പറേഷന്റെ പിടിവാശി മൂലം ബദല്‍ മാര്‍ഗത്തെപ്പറ്റി ആലോചിക്കുക പോലും ചെയ്തിട്ടില്ല.സ്ഥലമെടുക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവരെ കുറിച്ച് യാതൊരു ചിന്തയും കോര്‍പറേഷനില്ല. നിര്‍ദിഷ്ട പ്രദേശത്തെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും തടയപ്പെട്ടിരിക്കുന്നു. ലാഭകരമായ ബദല്‍ റൂട്ട് ലഭ്യമായിരിക്കെ 1020 കോടിയോളം രൂപ നഷ്ട പരിഹാരം നല്‍കി ഈ റൂട്ട് തന്നെ ഏറ്റെടുക്കുന്നതിലെ ഉദേശ്യമെന്തെന്ന് വ്യക്തമല്ല.പദ്ധതി മൂലം കേരളത്തിന് ലഭിക്കുന്നത് 100 മെഗാവാട്ടില്‍ താഴെയാണ്. വസ്തുത ഇതായിരിക്കെ നഷ്ടപരിഹാരം, പൂര്‍ത്തീകരണ ചെലവ് എന്നിവയടക്കം 3000 കോടിയിലധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കുന്നത് ലാഭകരമല്ലെന്ന് മനസ്സിലാക്കാന്‍ ബന്ധപ്പെട്ടവര്‍ മടിക്കുന്നു. ചത്തീസ്ഗഢില്‍ നിന്നു കോയമ്പത്തൂരിലേക്ക് 6000 മെഗാവാട്ട് വൈദ്യുതി എത്തിക്കാനും കോയമ്പത്തൂരില്‍ നിന്ന് മടക്കതറയിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാനും ഓവര്‍ ഹെഡ് ലൈന്‍ പണിയാന്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ ഹൈവേയുടെ വശങ്ങളിലൂടെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇതേ പവര്‍ ഗ്രീഡ് കോര്‍പറേഷന്‍ തന്നെ കരാര്‍ ഒപ്പിട്ടിരിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.ഭൂഗര്‍ഭ കേബിളുകള്‍ ഉള്‍പ്പെടെയുള്ള ലാഭകരമായ അപകടരഹിതമാര്‍ഗങ്ങളിലൂടെ  പദ്ധതി പൂര്‍ത്തീകരിക്കാന്‍ തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി എംഎല്‍എ അറിയിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞ നിയമസഭയില്‍ സബ്മിഷനു ഉന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it