ernakulam local

കുസാറ്റ് സംഘര്‍ഷം: 25 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു, എസ്‌ഐ അടക്കം 7 പോലിസുകാര്‍ക്കും 9 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു

കളമശ്ശേരി: കുസാറ്റില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടത്തുന്നത് തടയാന്‍ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എസ്‌ഐ അടക്കം ഏഴു പോലിസുകാര്‍ക്കും 9 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ 25 വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് കോളജ് അടച്ചു വിദ്യാര്‍ഥികളോട് ഹോസ്റ്റലില്‍ നിന്നും ഒഴിഞ്ഞ് പോവാന്‍ യൂനിവേഴ്‌സിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്.  സംഘര്‍ഷത്തില്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റ്, എഎസ്‌ഐ സെല്‍വരാജ്, എആര്‍ ക്യാംപിലെ കലേഷ് എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കലേഷിന്റെ പരിക്ക് ഗുരുതരമായിരുന്നു. വിദ്യാര്‍ഥികളായ ആദിഷ് (21), ഫാസില്‍ അലി, നിഖില്‍ പ്രകാശ്, ആഗാഷ് ചന്ദ്രന്‍, വൈശാഖ്, ഷെരിഫ്, ഷിബിന്‍, ജിബിന്‍, നീരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സ തേടി. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കുസാറ്റ് യൂനിയന്‍ ഓഫിസ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അടിച്ച് തകര്‍ത്തിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്ക് വ്യാപിക്കുകയായിരുന്നു. മാരക ആയുധങ്ങളുമായി വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് അക്രമണം നടത്തുന്ന വിവരം പോലിസില്‍ അറിയിക്കുകയും വിവരം അറിഞ്ഞെത്തിയ പോലിസ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളെ പിരിച്ച് വിടാന്‍ ലാത്തി വീശുകയായിരുന്നു. ഇതിനിടയില്‍ സംഘം ചേര്‍ന്ന വിദ്യാര്‍ഥികള്‍ മദ്യകുപ്പികളും കല്ലുകളും വടികളുമായി പോലിസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കല്ലേറ് കൊണ്ട് എആര്‍ ക്യാംപിലെ പോലിസുകാരനായ കലേഷന്‍ ഉള്‍പ്പെടെ എസ്‌ഐ അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. പോലിസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിക്കുകയും ഔദ്യോഗിക കൃത്യത്തിന് തടസ്സം നിന്നത് ഉള്‍പ്പെടെ കുറ്റം ചുമത്തി 25 വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്നലെ കളമശ്ശേരി കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ഇന്നലെ വൈകീട്ട് സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ഥികളെ 20 ഓളം വരുന്ന ഡിവൈഎഫ്‌ഐക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി കളമശ്ശേരി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it