ernakulam local

കുസാറ്റ് അപകടം: സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വന്‍ വീഴ്ച

കളമശ്ശേരി: കുസാറ്റില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍വകലാശാല എന്‍ജിനീയറിങ് വിഭാഗം അനാസ്ഥ കാണിക്കുന്നതായി ആക്ഷേപം.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ഉദ്യോഗസ്ഥരും കരാറുകാരും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. കുസാറ്റില്‍ ഇന്നലെ നടന്ന അപകടത്തിന് മണിക്കൂറുകള്‍ക്കുശേഷമാണ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ രതീഷിനെ സമീപത്തെ മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും ക്രെയിനും മറ്റ് അവശിഷ്ടങ്ങളും ദേഹത്ത് വീണ് ബോധരഹിതനായി കിടന്ന പഴനിവേലിനെ ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ സമ്മതിച്ചില്ലെന്നും പരാതിയുയര്‍ന്നു.
പോലിസെത്തി മണിക്കൂറുകള്‍ വൈകിയാണ് മറ്റൊരു ആംബുലന്‍സില്‍ പഴനിവേലിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തുടര്‍ന്ന് പഴനിവേലിന്റെ മൃതദേഹം എറണാകുളം ഗവ.ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ കളമശ്ശേരി പോലിസ് കുസാറ്റ് എന്‍ജിനീയറിങ് വിഭാഗത്തിനെതിരേയും കരാറുകാരനെതിരേയും അസ്വാഭാവിക മരണത്തിനു കേസെടുത്തതായി കളമശ്ശേരി എസ്‌ഐ അറിയിച്ചു.

Next Story

RELATED STORIES

Share it