കുവൈത്ത് ജയില്‍ മയക്കുമരുന്ന് മാഫിയയുടെ ആസ്ഥാനം

കുവൈത്ത് ജയില്‍ മയക്കുമരുന്ന് മാഫിയയുടെ ആസ്ഥാനം
X
കോഴിക്കോട്: ഹിറോയിന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിലേക്കും വിദേശരാജ്യങ്ങളിലേക്കും എത്തിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുവൈത്തിലെ ജയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘം. ഇന്നലെ 1.45 കിലോഗ്രാം ഹിറോയിനുമായി പിടിയിലായ സവാദിനെ ചോദ്യംചെയ്തതില്‍ നിന്നാണ് എക്‌സൈസ് സംഘം ഈ നിഗമനത്തിലെത്തിയത്. വിവിധ കേസുകളിലായി കുവൈത്തിലെ ജയിലില്‍ കഴിയുന്ന തൃശൂര്‍, മലപ്പുറം സ്വദേശികളാണ് ഈ സംഘങ്ങളുടെ തലവന്‍മാരെന്നു കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നടുവണ്ണൂരില്‍ നടന്ന മയക്കുമരുന്നു വേട്ടയ്‌ക്കൊടുവിലും അന്വേഷണ സംഘം ഇതേ നിഗമനത്തിലെത്തിയിരുന്നു.

jail 3

രാജ്യാന്തര ബന്ധങ്ങളുള്ളതിനാല്‍ ഈ കേസ് എന്‍.ഐ.എ. അന്വേഷിക്കണമെന്ന് എക്‌സൈസ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.കുവൈത്ത് ജയിലിലെ മലയാളികളായ ഉദ്യോഗസ്ഥര്‍ ഈ സംഘങ്ങള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്നതായും ചോദ്യം ചെയ്യലില്‍ സവാദ് സമ്മതിച്ചതായാണ് വിവരം. നാലുവര്‍ഷം കുവൈത്തില്‍ ജോലിയെടുത്തിരുന്ന സവാദ് മടങ്ങിയെത്തിയ ശേഷം ബസ്സില്‍ ജോലിക്ക് കയറിയിരുന്നു. കുവൈത്തില്‍ ജോലിചെയ്യുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍പ്പെട്ട സവാദ് ജയിലിലായിരുന്നു. ജയിലിലെ പരിചയമാണു മടങ്ങി വന്ന ശേഷവും ഇടപാടുകള്‍ തുടരാന്‍ കാരണമായത്. ജയിലിനകത്തുനിന്ന് ഫോണ്‍ വഴിയാണ് മാഫിയ കേരളത്തിലുള്ളവരെ ബന്ധപ്പെടുന്നത്. പലവഴിക്കായി പ്രവര്‍ത്തന ച്ചെലവും അയച്ചുകൊടുത്തു. തുടര്‍ന്നു മൊബൈല്‍ ഫോണ്‍ വഴിയാണ് നിയന്ത്രണം. സവാദിനോട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം നല്‍കിയ സംഘം അയാള്‍ അവിടെ എത്തിയ ശേഷം മാത്രമാണ് തുടര്‍ന്ന് ബന്ധപ്പെട്ടത്. മയക്കുമരുന്നു നല്‍കിയ ശേഷം ഫോണ്‍ നമ്പറുകള്‍ ഉപേക്ഷിക്കുകയും ചെയ്തു. പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് പ്രധാനമായും ഈ മയക്കുമരുന്നുപയോഗിക്കുന്നത്.

10 മില്ലിഗ്രാമിന് വന്‍ നിരക്കിനാണ് കോഴിക്കോട്ട് ഹിറോയിന്‍ വില്‍ക്കുന്നത്. കോഴിക്കോട്ടേക്ക് എല്ലാ തരത്തിലുള്ള മയക്കുമരുന്നുകളും എത്തുന്നതായി ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എം എസ് വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താന്‍, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മയക്കുമരുന്നാണ് അതിര്‍ത്തിവഴി ഇന്ത്യയിലേക്കു കടത്തുന്നത്. അന്താരാഷ്ട്ര തീവ്രവാദ ബന്ധം വരെ ഈ മാഫിയകള്‍ക്കുണ്ടെന്നാണ് എക്‌സൈസ് വിലയിരുത്തുന്നത്. വിദേശരാജ്യങ്ങളിലേക്കു പോവുന്നവരുടെ കൈയില്‍ അവര്‍ അറിയാതെ അച്ചാറിന്റെ രൂപത്തിലും ജീന്‍സിലും ഒളിപ്പിച്ചാണു പ്രധാനമായും മയക്കുമരുന്ന് കടത്തുന്നത്.
Next Story

RELATED STORIES

Share it