കുവൈത്തിലെ സംഘപരിവാര പരിപാടി; മലയാളി ഉദ്യോഗസ്ഥന്റെ സാന്നിധ്യം വിവാദത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തി ല്‍ ബിജെപിയുടെ പോഷകസംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ കുവൈത്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ മലയാളി ഉദ്യോഗസ്ഥന്റെ സാന്നിധ്യം വിവാദമാവുന്നു.
ആറന്‍മുള സ്വദേശിയും 35 വര്‍ഷത്തിലേറെയായി കുവൈത്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ വിദേശ മാധ്യമവിഭാഗം തലവനുമായ വ്യ ക്തിയാണ് സംഘപരിവാര ബന്ധം പരസ്യപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പി കെ കൃഷ്ണദാസ് എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ടത്.
കുമ്മനത്തെ പൊന്നാട അണിയിക്കുന്നതിന് സംഘടനയുടെ കുവൈത്തിലെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് ഇദ്ദേഹത്തെ വേദിയിലേക്കു ക്ഷണിച്ചത്. എന്നാല്‍ പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറില്‍ സംഘടനയുടെ കുവൈത്ത് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയിലാണു ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബിജെപിക്ക് നേരത്തെ കുവൈത്തില്‍ പ്രത്യേക പോഷക സംഘടന ഉണ്ടായിരുന്നില്ലെങ്കിലും സേവാദര്‍ശന്‍, അമ്മ കുവൈത്ത്, അയ്യപ്പ സേവാസംഘം തുടങ്ങിയ പേരുകളിലാണു സംഘപരിവാര സംഘടനകള്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ രഹസ്യസ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറനീക്കി പുറത്തുവന്നു.
ഇതേത്തുടര്‍ന്നാണു കഴിഞ്ഞവര്‍ഷം കുവൈത്തില്‍ ഭാരതീയ പ്രവാസി പരിഷത്ത് എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടത്തിയ രൂപീകരണം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു ഉദ്ഘാടനം ചെയ്തത്.
ഇതിനുശേഷം കഴിഞ്ഞ റമദാനില്‍ നോമ്പുതുറ സമയത്ത് പൊതുസ്ഥലത്ത് പരിപാടി നടത്താനുള്ള ശ്രമം കുവൈത്ത് മതകാര്യ മന്ത്രാലയം തടഞ്ഞതിനെത്തുടര്‍ന്ന് പരിപാടി ഇന്ത്യന്‍ എംബസിയിലേക്ക് മാറ്റുകയുണ്ടായി. ഈ പരിപാടികള്‍ക്കെല്ലാംതന്നെ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ ചട്ടപ്രകാരം ഉദ്യോഗസ്ഥര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനു മേലുദ്യോഗസ്ഥരില്‍നിന്നു പ്രത്യേകാനുമതി വാങ്ങേണ്ടതാണ്. കൂടാതെ ഏതെങ്കിലും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്. ഇവ രണ്ടും ലംഘിച്ചതിനെതിരേ മന്ത്രാലയത്തില്‍ പരാതി നല്‍കിയതായാണ് വിവരം.
Next Story

RELATED STORIES

Share it