കുവൈത്തിലെ ശിയാ പള്ളി ആക്രമണം; മുഖ്യപ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

കുവൈത്ത് സിറ്റി: ശിയാ പള്ളിയില്‍ സ്‌ഫോടനം നടത്തി 27 പേരെ വധിച്ച സംഭവത്തിലെ മുഖ്യപ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. പൗരത്വരഹിതനായ അബ്ദുറഹ്മാന്‍ സബാഹ് അല്‍ ഐദാനെതിരേ ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷയാണ് അപ്പീല്‍ കോടതി ശരിവച്ചത്. ജസ്റ്റിസ് ഹാനി ഹംദാന്‍ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസിന്റെ കുവൈത്തി തലവനെന്നു കരുതുന്ന ഒമ്പതാം പ്രതി ഫഹദ് ഫറാജ് മുഹ്‌റബിനെതിരായ വധശിക്ഷ 15 വര്‍ഷം തടവാക്കി കുറച്ചു.
ജൂണ്‍ 26നാണ് ഇമാം അല്‍ സാദിഖ് മസ്ജിദില്‍ സൗദി പൗരന്‍ ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തി പൊട്ടിത്തെറിച്ചത്. ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ച മറ്റ് അഞ്ചു പ്രതികളുടെ ശിക്ഷയിന്മേലുള്ള അപ്പീല്‍ പരിഗണിക്കുന്നതു മാറ്റിയിട്ടുണ്ട്.
കേസില്‍ ഏഴുപേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇതില്‍ രണ്ടു പേരുടെ അപ്പീലുകളാണ് പരിഗണിച്ചത്. ക്രിമിനല്‍ കോടതി എട്ടുപേര്‍ക്കു രണ്ടുമുതല്‍ 15വര്‍ഷം വരെ ശിക്ഷ വിധിക്കുകയും 14 പേരെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. തടവുശിക്ഷ വിധിക്കപ്പെട്ട അഞ്ചുവനിതകളില്‍ ഒരാളെ ഇന്നലെ വിട്ടയച്ചു. കോടതി വധശിക്ഷ വിധിച്ച ഏഴുപേരില്‍ അഞ്ചുപേരെ ഇനിയും പിടികൂടാനായിട്ടില്ല. അപ്പീല്‍ പരിഗണിക്കണമെങ്കില്‍ പ്രതികള്‍ കോടതിയില്‍ ഹാജരാവണമെന്നാണു കുവൈത്തിലെ നിയമം.
അതനുസരിച്ച് ഇനിയും പിടിയിലാവാത്ത അഞ്ചു പ്രതികളുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ പരിഗണിക്കുന്നതു ജഡ്ജി ഹാനി അല്‍ ഹംദാന്‍ മാറ്റിവയ്ക്കുകയായിരുന്നു. പിടികിട്ടാപ്പുള്ളികളില്‍ നാലു പേര്‍ സൗദി അറേബ്യക്കാരും അഞ്ചാമന്‍ കുവൈത്തിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവരില്‍ സൗദി അറേബ്യയില്‍നിന്നുള്ള സഹോദരങ്ങളാണു ബെല്‍റ്റ് ബോംബ് എത്തിച്ചത്.
Next Story

RELATED STORIES

Share it